ഡിസംബറിലെ സന്ധ്യ


ആകാശം ഒന്നും മിണ്ടുന്നില്ല
കണ്ണുകള്‍ താഴ്ത്തി
വിറങ്ങലിച്ചുനില്‍ക്കുന്നു
തെങ്ങോലകളും എല്ലാം മതിയാക്കിയിരിക്കുന്നു





സങ്കടം പോലെ രണ്ടു കറുത്തപക്ഷികള്‍
വേഗത്തിലല്ല, ധിറുതിയില്‍
കിഴക്കോട്ടു പറക്കുന്നു

ജനാലകള്‍ ചാരണം
സമയമായിരിക്കുന്നു
തണുത്തുതണുത്ത്‌ താല്‍പര്യങ്ങളുറഞ്ഞുപോയ ജനല്‍ക്കമ്പികള്‍
നേര്‍ത്ത ഒരു പാട്ട്‌ മുറിഞ്ഞും വറ്റിയും ഒഴുകി വരുന്നു
ആര്‍ക്കും അതിനെ വേണ്ടെന്നോര്‍ത്ത്‌
ഒരു കരച്ചില്‍ വരുന്നു

നൂറ്റാണ്ടുകള്‍ പോലെ എട്ടുകാലിവലകള്‍
മുറിയ്ക്കുമുകളില്‍
ശവകുടീരം പോലെ എട്ടുകാലി തറഞ്ഞിരിക്കുന്നു

കസേരയുടെ പിളര്‍ന്ന വായില്‍
വേദന ഇരിയ്ക്കുന്നതുപോലിരിയ്ക്കുന്നു
കാത്തിരുന്ന്‌ കാത്തിരുന്ന്‌
സന്ധ്യ മയങ്ങിയിരിക്കുന്നു

ഒരു ഭയങ്കര കരച്ചില്‍
പതുക്കെ പതുക്കെ
ഉച്ചത്തില്‍ വന്നുകൊണ്ടിരിക്കുന്നു.



*സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്


-----------------

Comments

Mahi said…
ഈ കവിതയും കവിയും പതുക്കെ പതുക്കെ ഉച്ചത്തില്‍ എന്നിലേക്ക്‌ വന്നുകൊണ്ടിരിക്കുന്നു

Popular posts from this blog

വഴി

മൊബൈല്‍

പനി