അവാര്‍ഡുകള്‍

2009 ലെ മികച്ച യുവകവിക്കുള്ള വി. ടി. കുമാരന്‍ മാസ്റ്റര്‍ അവാര്‍ഡ്‌ ലഭിച്ചു.

Saturday, December 13, 2008

മൊബൈല്‍


എഴുതിയൊതുക്കുവാ-
നാവാത്തതില്ലേ? ചില
കറുത്ത വടിവൊത്ത
നെടുവീര്‍പ്പുകള്‍ക്കകം,

അതു പോലൊന്നുണ്ടായി :

ഞങ്ങളിന്നൊന്നും തമ്മില്‍
മിണ്ടാതെ പരസ്പരം
ദൂരത്തെ സമയം കൊ-
ണ്ടളന്നു കിടക്കുമ്പോള്‍
ഫോണിണ്റ്റെ തുമ്പില്‍ നിന്നും
ശബ്ദത്തിന്നൊരു തുള്ളി
സ്ഖലിച്ചു പ്രപഞ്ചത്തെ
പ്രാപിച്ചു മിടിയ്ക്കുന്നു.

Tuesday, November 25, 2008

ക്ഷമാപണം


എനിയ്ക്കു തരാനുള്ളിലൊന്നു മാത്രമേയുള്ളൂ:
ചിലപ്പോഴണപൊട്ടിയൊഴുകാന്‍ വെമ്പല്‍ പൂണ്ട്‌
നിറഞ്ഞു തുളുമ്പുന്ന മനസ്സ്‌-ആകാശങ്ങ-
ളകന്ന്‌ പുറത്തേയ്ക്ക്‌ വഴിയുമനന്തത

എനിയ്ക്കു കാണാന്‍ മുന്‍പിലിതു മാത്രമേയുള്ളൂ:
പൊലിയും തോറും വീണ്ടുമുണര്‍ന്നു സ്വയം മറ-
ന്നുയരങ്ങളില്‍ത്തന്നെ ജ്വലിയ്ക്കുമപാരത

ഒരിയ്ക്കല്‍,നീയോര്‍ക്കുന്നോ,വെറുപ്പിന്‍ പരകോടി
പുകഞ്ഞ്‌ പൊടുന്നനെ പ്രണയം പുറപ്പെട്ടു
നദികള്‍,താഴ്‌വാരങ്ങള്‍,നാടുകള്‍,പുരാതന
നഗര കവാടങ്ങള്‍ സര്‍വതും വിഴുങ്ങി ഞാന്‍
കുതികൊള്ളുമ്പോള്‍ നിണ്റ്റെ ലവണജലാശയം
സമുദ്ര സ്നേഹത്താലെന്നംളത ശമിപ്പിച്ചു

പ്രണയം പരസ്പരം പിണഞ്ഞും പിണങ്ങിയും
പുതിയ പച്ചത്തുരുത്തുരുവം കൊള്ളും മുമ്പേ
വസന്തമൊരുകൊച്ചു പൂങ്കുല സൂക്ഷിയ്ക്കുവാ-
നനന്ത കാലത്തേയ്ക്ക്‌ നമ്മളെയേല്‍പ്പിച്ചതും...
ഇറുത്ത തുമ്പപ്പൂവിന്നിതളിന്‍ തുമ്പില്‍പ്പോലും
പ്രപഞ്ചമൊതുക്കുവാന്‍ നമുക്ക്‌ സാധിച്ചതും...

പൊറുക്കാന്‍ സാധിയ്ക്കാത്ത പലതും ചെയ്തിട്ടുണ്ട്‌:
പറയാന്‍ പാടില്ലാത്ത പലതും... പിന്നെത്തെറ്റു-
പറഞ്ഞും എന്നെത്തന്നെ പഴിച്ചും... ക്ഷമിയ്ക്കുക!

ഒരിയ്ക്കല്‍ തമ്മില്‍ക്കണ്ടാല്‍ (അറിയാം കാണില്ലെന്ന്‌)
നിനക്കു നല്‍കാനെണ്റ്റെ വലതു കൈത്തണ്ടമേല്‍
തുടിയ്ക്കും ഞരമ്പുണ്ട്‌! എഴുതാന്‍ കഴിയാതെ
ത്രസിച്ച വരിയുണ്ട്‌! കുഞ്ഞു പൂക്കളുമുണ്ട്‌!

Tuesday, November 18, 2008

നിദ്രയസ്വസ്ഥം

ഓര്‍മ്മയും മേഘങ്ങളു-
മൊഴിഞ്ഞബോധാകാശ-
വീഥിയില്‍ തണല്‍വൃക്ഷ-
ച്ചില്ലകള്‍ കലമ്പുമ്പോള്‍
ചുവരില്‍ കാലത്തിണ്റ്റെ
കാവല്‍ക്കാരുലാത്തുമ്പോള്‍

നിദ്രയസ്വസ്ഥം കണ്ണീര്‍
ഗ്രന്ഥിയില്‍ ജലാശയം

ഇനിയൊന്നുമേ വയ്യെ-
ന്നുള്ളില്‍ നിന്നാരോ വീണ്ടും
മൊഴിയും നേരം മുഖം
തിരിച്ചു കിടക്കുന്നു

മുറിയില്‍ വെളിച്ചമു-
ണ്ടെങ്കിലും കാഴ്ച്ചയ്ക്കു മേല്‍
മറ പോലവ്യക്തമാ-
യോര്‍മ്മകള്‍ പരുങ്ങുന്നു

ഉറക്കം നഷ്ടപ്പെട്ട
യാമങ്ങള്‍ തലയ്ക്കുള്ളില്‍
പുലര്‍ച്ചത്തീവണ്ടിയായ്‌
കുലുങ്ങിക്കുതിയ്ക്കുന്നു

നിദ്രയസ്വസ്ഥം;ചൂടു-
വിയര്‍പ്പില്‍ കുതിരുന്ന
കനവില്‍ ഖൈബര്‍ ചുരം
കടന്നൂ മുഗള്‍ സൈന്യം

ഉറക്കെപ്പുറത്താരോ
ചിരിയ്ക്കുമ്പോലെ പെട്ട-
ന്നിരമ്പീ ചാറ്റല്‍ മഴ

ഓര്‍മ്മകള്‍ നനയാതെ
അടുക്കിപ്പിടിച്ചു കൊ-
ണ്ടോടിയ ബാല്യം സര്‍പ്പ-
ക്കാവിലെ പാലച്ചോട്ടില്‍
തണുപ്പില്‍ പരസ്പരം
മറന്ന മദോന്‍മാദം

ഇനിക്കാണില്ലന്നെന്നോ-
ടവസാനമായ്‌ ച്ചൊല്ലി-
പ്പൊഴിഞ്ഞ കണ്ണീര്‍ത്തുള്ളി

ഇരുട്ടില്‍ സ്വയം മിടി-
പ്പൊടുക്കാന്‍ സാധിക്കാതെ
മനസ്സില്‍ നെരിപ്പോടാ-
യെരിഞ്ഞ നിമിഷങ്ങള്‍

നിലയ്ക്കാതുള്ളില്‍ മഴ-
ച്ചാലുകളൊന്നാകവേ
ഉറക്കെച്ചിലയ്ക്കുന്നു-
ണ്ടലാറം-ഉണര്‍ത്തുവാന്‍!

Sunday, October 12, 2008

നാലു കവിതകള്‍


ഇഴച്ചില്‍

തടുത്തു കൂട്ടിയ കരിയിലക്കൂന
പുകച്ചപ്പോഴുളളിലനക്കങ്ങള്‍
പെരുവിരല്‍ വണ്ണമിഴഞ്ഞടുത്തെത്തി
ഫണമുയര്‍ത്താതെ
വഴുവഴുപ്പുടല്‍പ്പുഴയൊഴുക്കിളവെയില്‍ത്തിളക്കങ്ങളറിഞ്ഞെന്‍ കാല്‍
തണുത്തുണര്‍ന്നു ഞെട്ടലില്‍.

പ്രണയത്തി അഥവാ ലവള്‍

തീ ആയിരുന്നു അവള്‍ക്ക്‌
അതിനാല്‍ ഞാന്‍ പ്രണയത്തി എന്നു വിളിച്ചു
കത്തിക്കത്തി മടുത്തപ്പോഴോ എന്തോ
പ്രണയത്തി(ലവള്‍) കത്തിയാഴ്ത്തി

തെറി

ചവറ്റുകൂനയിലാണാദ്യം കണ്ടത്‌
വലിച്ചെറിഞ്ഞ നിരോധിനും ചീഞ്ഞ തക്കാളിയ്ക്കുമിടയില്‍
ആരോരുമില്ലാത്ത ഒരൊച്ച
വായ്നാറ്റമുളള ഒരു വാക്ക്‌
തുപ്പിയതമ്പാക്കിനൊപ്പം തെറിച്ചത്‌
യൂണിഫോമണിഞ്ഞ്‌ കുടചൂടി
സ്കൂള്‍ബാഗുമേറ്റി കലപിലകൂട്ടി
രാവിലെ ഒരു നിഘണ്ടുവിണ്റ്റെയും പടി ചവിട്ടാത്തത്‌

കീഴില്‍

ക്രമത്തില്‍
വേഗത്തില്‍
കാല്‍ക്കീഴില്‍
മണല്‍
ചവിട്ടിത്തളളിപ്പായും ഒരാള്‍

വെയില്‍ക്കീഴില്‍

---------------------------------


ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ചത്‌

Saturday, October 11, 2008

മരണം

ഒരിയ്ക്കലേ ഞങ്ങളൊന്നു
ശ്രമിച്ചുളളൂ കവിതയ്ക്കായ്‌
ഉടന്‍ തന്നെ വിരല്‍ത്തുമ്പില്‍
പൊടിഞ്ഞു ചോര

വെളുത്തൊരു താളില്‍ വെട്ടും
തിരുത്തുമായ്‌ മുന്നേറുമ്പോള്‍
നിലത്തൊരു വാക്കു വീണു
മരിച്ചു പോയി

കവികളെ പുറത്താക്കി
കതകുകളടയ്ക്കുകെ-
ന്നലറിയ ശബ്ദം പോലും
കവിതയായി

പുറത്തൊരു കവിയുണ്ട്‌
മഴയത്തു നനഞ്ഞൊട്ടി-
യിരിക്കുന്നെന്നാരോ വന്നു
പറഞ്ഞു പണ്ട്‌

നടന്നിട്ടും നടന്നിട്ടും
പുറത്തുഞ്ഞാനെത്തുന്നില്ല,
കവിയേയും കാണാനില്ല,
കവിത മാത്രം

മുഴങ്ങുന്നു നിരന്തരം
ചെവിയ്ക്കുളളില്‍ അതില്‍പ്പിന്നെ
പുറത്തു നിന്നൊന്നും കേട്ടാ-
ലറിയാതായി

കവിയ്ക്കൊന്നേ അറിയേണ്ടു
അകത്തെങ്ങോ പുകയുന്ന
ചിതത്തീയിലെരിക്കേണ്ട
പദങ്ങള്‍ മാത്രം

കവിതയ്ക്കോ പക്ഷേ വീണ്ടും
ജനിയ്ക്കണം ജീവിയ്ക്കണം
ഉണങ്ങാത്ത നിറുകയും
മുറിവും പേറി

പഴുപ്പിച്ചുവിളക്കിയ
വരികള്‍ക്കുമീതേകൂകി
തിമിര്‍ത്തുകൊണ്ടാരൊക്കെയോ
കടന്നുപോയി

പുലര്‍ച്ചയ്ക്കുമുമ്പേ ചെല്ലാം
ഉരുക്കുപാളത്തില്‍ വീണ്ടും
തല ചേര്‍ക്കാം ചെവിയോര്‍ക്കാം
മരണം കേള്‍ക്കാം


ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ചത്‌

മുങ്ങാങ്കുഴി


വാക്കുകളൊടുങ്ങിയ ഒരു നിമിഷത്തില്‍
അവളുടെ കണ്ണാഴത്തില്‍
കാലം തിളങ്ങുന്നതു കണ്ട്‌
ഞാന്‍ "ബ്ളും" എന്ന്‌സൂത്രത്തിലൊരു ചാട്ടം.
അവളെണ്ണിയില്ല,ഞാനൊട്ടു പൊങ്ങിയുമില്ല.
------------------------------------------


ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ചത്‌

ദാഹിയ്ക്കുന്നു

ഞെട്ടി ഞാനുണരുമ്പോള്‍
പുറത്തു ജനാലയ്ക്ക -
ലിരുട്ടില്‍ രണ്ടും കല്‍പി -
ച്ചിരിപ്പാകുന്നു രാത്രി

അഴികള്‍ക്കടിയിലെ
കട്ടിളപ്പടിമേലെന്‍
പൂച്ച കണ്ണിറുക്കുന്നു,
വല്ലാതെ തിളങ്ങുന്നു

ഹാങ്ങറിലൊടുങ്ങിയ
മുഷിഞ്ഞ ടീഷര്‍ട്ടിണ്റ്റെ
സ്ളീവുകള്‍ ജീവന്‍ വച്ചി -
ട്ടിടയ്ക്കു പിടയ്ക്കുന്നു

കഴുത്തില്‍ കുരുക്കിട്ട കിണറ്റുതൊട്ടിയൊ -
ന്നുറക്കെയലച്ചു താഴേക്ക്‌
മുങ്ങി ഞരങ്ങി ഞെളിപിരികൊണ്ട്‌
കപ്പി കരഞ്ഞാടി മേലേയ്ക്ക്‌

വെളളം...വെളളം...

പതുക്കെയെഴുന്നേറ്റ്‌
പളളയ്ക്കുകുത്തിജ്ജനല്‍
പ്പടവില്‍ നിന്നും എണ്റ്റെ
പൂച്ചയെപ്പുറത്താക്കി -
പ്പാളികള്‍ ചാരിക്കൊളു
ത്തിടുന്നു,സ്വസ്ഥം സുഖം,
ഫാന്‍ മാത്രം ഞരങ്ങുന്നു,
ഞാന്‍ ചുമ്മാ കിടക്കുന്നു.
-------------------------------------------


ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ചത്‌

ഡിസംബറിലെ സന്ധ്യ


ആകാശം ഒന്നും മിണ്ടുന്നില്ല
കണ്ണുകള്‍ താഴ്ത്തി
വിറങ്ങലിച്ചുനില്‍ക്കുന്നു
തെങ്ങോലകളും എല്ലാം മതിയാക്കിയിരിക്കുന്നു

സങ്കടം പോലെ രണ്ടു കറുത്തപക്ഷികള്‍
വേഗത്തിലല്ല,ധിറുതിയില്‍
കിഴക്കോട്ടു പറക്കുന്നു

ജനാലകള്‍ ചാരണം
സമയമായിരിക്കുന്നു
തണുത്തുതണുത്ത്‌ താല്‍പര്യങ്ങളുറഞ്ഞുപോയ ജനല്‍ക്കമ്പികള്‍
നേര്‍ത്ത ഒരു പാട്ട്‌ മുറിഞ്ഞും വറ്റിയും ഒഴുകി വരുന്നു
ആര്‍ക്കും അതിനെ വേണ്ടെന്നോര്‍ത്ത്‌
ഒരു കരച്ചില്‍ വരുന്നു

നൂറ്റാണ്ടുകള്‍ പോലെ എട്ടുകാലിവലകള്‍

മുറിയ്ക്കുമുകളില്‍
ശവകുടീരം പോലെ എട്ടുകാലി തറഞ്ഞിരിക്കുന്നു

കസേരയുടെ പിളര്‍ന്ന വായില്‍
വേദന ഇരിയ്ക്കുന്നതുപോലിരിയ്ക്കുന്നു
കാത്തിരുന്ന്‌ കാത്തിരുന്ന്‌
സന്ധ്യ മയങ്ങിയിരിക്കുന്നു

ഒരു ഭയങ്കര കരച്ചില്‍
പതുക്കെ പതുക്കെ
ഉച്ചത്തില്‍ വന്നുകൊണ്ടിരിക്കുന്നു.
-----------------

വിട


എഴുതുവാന്‍ വേണ്ടി ഹൃദയദ്രാവകം
കുടഞ്ഞു ഞാന്‍ പേന ശരിപ്പെടുത്തുന്നു.
സിഗരറ്റും ചുണ്ടില്‍പ്പുകച്ചു ബ്രാണ്ടി തന്‍
ലഹരിയുമായി വെളുക്കുവോളവും
മഴയും മിന്നലും കിനാവു കാണുന്ന
വിഷസര്‍പ്പം പോലെ ഉണര്‍ന്നിരിക്കുന്നു.

സിഗരറ്റുപുക മുറിയ്ക്കകത്താകെ
മരണമേഘം പോല്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍
മുയല്‍പ്പിടപോലെ,നനുത്ത വെണ്‍മേഘ-
പ്പുതപ്പു പോലെ നിന്‍ മുഖം തെളിയുന്നു.

നിനക്കുനേരുവാനൊരു കുടന്നപ്പൂ...
ചിരിയ്ക്കുചാര്‍ത്തുവാനൊരു നിലാക്കീറ്‌..
ഒടുവില്‍ നമ്മളെ പിരിയ്ക്കും കാലത്തെ
പരിഹസിയ്ക്കുവാനൊരു മുഖംമൂടി!

ഇനി നിശ്ശബ്ദത,ഇരുട്ടുനീങ്ങുന്നു,
വിഷപാനീയത്തിന്‍ ലഹരി മായുന്നു,
പുലരുന്നൂ നേരം,വിട വാങ്ങുന്നു ഞാന്‍,
പതിനേഴാമത്തെ തണുത്ത കാറ്റത്ത്‌!
----------------------------------------

ഹൈറോഗ്ളിഫിക്സ്‌

മൗനത്തെ മനസ്സുകൊണ്ടളന്ന മരുഭൂമി
സൂര്യനോടെതിരിട്ടു ജ്വലിച്ച ശിലാപാളി
കണ്ണീരും വസന്തവും ചുരന്ന നൈല്‍നദി
വാക്കിനെ വികാരത്താല്‍ വരഞ്ഞ പുരാലിപി.

മരണം മറുത്തൊന്നും മിണ്ടാതെയേതോ രാവില്‍
കരിങ്കല്‍ക്കുടീരങ്ങള്‍ തുറന്നു മറഞ്ഞപ്പോള്‍
കാലത്തെയനന്തമായ്‌ ബന്ധിക്കാനാവേശം കൊ-
ണ്ടാദിമ മനസ്സാക്ഷി കോറിയ ശിലാരേഖ.

നിലച്ച കുളമ്പടി,ചാറാത്ത മഴത്തുളളി,
സര്‍പ്പ സൗന്ദര്യം വേട്ട വിഷത്തിന്‍ കടും നീല.
നിമിഷാര്‍ദ്ധത്തെ പല നൂറ്റാണ്ടായ്‌ പകുത്തിട്ടു
ചരിത്രം വിരചിച്ച സൂര്യന്റെ സേനാനികള്‍.

ചില്‍ക്കരിങ്കല്ലില്‍ വീണു തിളച്ച വിയര്‍പ്പിനാല്‍
നിദ്ര വിട്ടുണരുമ്പോല്‍ അര്‍ദ്ധസിംഹികാശില്‍പ്പം.
മൂകസാക്ഷിയാം മണല്‍ത്തരിയില്‍ കൊടുങ്കാറ്റിന്‍
പടയോട്ടങ്ങള്‍ പ്രാണനൂതിയ നിമിഷങ്ങള്‍.

വാക്കിനെ ജയിക്കുവാനാവാതെ കാലം സ്വന്തം
ഹൃദയത്തിനാല്‍ തീര്‍ത്ത നിത്യവിശ്രമസ്ഥലി.
ഇനിയും വേനല്‍ വരും,നൈലിന്‍ തീരങ്ങളില്‍
വസന്തം വരും പോകും,അക്ഷരം നിലനില്‍ക്കും.

Friday, October 10, 2008

പ്രത്യേകിച്ചൊന്നുമില്ല


പ്രണയത്തെപ്പറ്റിച്ചിലര്‍ പറയാറുണ്ട്‌-
വിയര്‍ത്തൊഴുകുന്ന വേനല്‍പ്പകലുകളില്‍
എവിടുന്നെന്നറിയാതെ പടര്‍ന്നുകത്തി
വനമാകെ വിഴുങ്ങുന്ന കൊടുംവിശപ്പ്‌.

എനിക്കുണ്ട്‌ പ്രണയിനി,ഒരിയ്ക്കലെന്നോ
മഴക്കാറു മണക്കുന്ന മുടിയിഴയാല്‍
വരിഞ്ഞെന്നെ മുറുക്കിയതയഞ്ഞിട്ടില്ല.
അവള്‍,എന്നാല്‍,പിണങ്ങാത്ത ദിവസമില്ല.
തിടുക്കത്തില്‍ കനപ്പിച്ച മുഖവുമായി
കിഴക്കേതോ മലകളില്‍ പൊഴിഞ്ഞുതോരും.

പ്രണയിച്ചാല്‍ ചോര വീണ്ടും ചുവക്കുമത്രേ !
സുഹൃത്തൊരു കവിയുണ്ട്‌,പറഞ്ഞതാണ്‌...
അറിയില്ല ഒരുപക്ഷേ അതുകൊണ്ടാവാം
ചുവപ്പല്ലേ ഒടുക്കത്തെ പ്രണയവര്‍ണ്ണം ?

ഗതികെട്ട്‌ പ്രണയം പോയൊടുങ്ങാറുളള
ചിത കണ്ട്‌ പലപ്പോവും നടുങ്ങാറുണ്ട്‌...
രഹസ്യമായ്‌,പക്ഷേ ഞങ്ങള്‍ കൊതിയ്ക്കാറുണ്ട്‌-
പ്രണയവും മരണവുമിരുവശത്തും
തണല്‍ച്ചില്ല വിരിയ്ക്കുന്ന വഴിയിലൂടെ
വെളിച്ചത്തില്‍ കുളിച്ചൊരു ശവമഞ്ചത്തില്‍
പരസ്പരം പുണര്‍ന്നുകൊണ്ടനന്തമായി...

കഥയൊക്കെക്കൊളളാം,പക്ഷേ ശരിയാവില്ല...
മരിച്ചൊന്നും പ്രണയിച്ചാല്‍ മുതലാവില്ല...
വെറുതെ ഞാനെന്തൊക്കെയോ...സമയങ്കൊല്ലാന്‍...

ടെലിഫോണില്‍ മണിയൊച്ച മുഴങ്ങുന്നുണ്ട്‌...
ചിലപ്പോഴതവളാവും,ഒരു സെക്കന്‍ഡ്‌...

Wednesday, October 8, 2008

ഗോട്സെ


"മൊട്ടയടിക്കണ്ട
മുണ്ടുടുക്കണ്ട
കണ്ണട വയ്ക്കണ്ട
വടി പിടിയ്ക്കണ്ട
നടക്കണ്ടഒട്ടും
വിയര്‍ക്കണ്ട മാഷേ..."
ഒമ്പത്‌ ബീ ക്കാരന്‍ അഭിനവ്‌,
ജനുവരി മുപ്പതിന്റെ ഞങ്ങളുടെ സ്ഥിരം രാഷ്ട്രപിതാവ്‌,
കൂസലില്ലാതെ പറഞ്ഞു-
"എനിക്കിനി ഈ ഗാന്ധി വേണ്ട"
"പിന്നെ?"
"കോട്ടിട്ട്‌,തൊപ്പിവച്ച്‌,തോക്കെടുത്ത്‌..."
മനസ്സിലൊരു ആക്ഷന്‍ മെനയുന്ന ആവേശപ്പുഞ്ചിരിയോടെ അവന്‍ കാഞ്ചിയമര്‍ത്തി

"വെടി വയ്ക്കണം."

Followers

ഞാൻ...

My photo
ആലപ്പുഴ, കേരളം, India
ആലപ്പുഴയിൽ ജനിച്ചു.അധ്യാപകന്‍. വിലാസം: ഉണ്ണി ശ്രീദളം ശ്രീദളം പഴവീട്‌. പി. ഒ. ആലപ്പുഴ-688009 ഫോൺ: വീട്‌-0477 2254977 മൊബൈൽ-9633346400 email : unnisreedalam1@gmail.com