Posts

Showing posts from 2009

ഖനി

Image
കവിയുടെ മരണചിന്ത സമ്പൂര്‍ണ്ണമത്രേ: എന്തെന്നാല്‍ ഭയക്കുന്നതെന്തോ അതു തന്നെ അവന്‍ തിരയുന്നു. തുരന്നു തുരന്ന്‌ ഒരു തുറന്ന ലോകത്തേയ്ക്ക്‌ ഒരു ദിവസം മഴു വഴുതുന്നു. പിന്നിരുട്ടിലേയ്ക്ക്‌ ഒരു തിരിഞ്ഞു നോട്ടം പോലും വേണ്ട ഇനി. സൂര്യന്‌ അച്ഛന്റെ മുഖമെന്ന്‌ അവനാദ്യമായി തിരിച്ചറിയുന്നു. നല്ല സ്നേഹമുള്ള വെയില്‍ അമ്മയ്ക്ക്‌ ഒരു കുടന്ന വെള്ളം ഭാര്യയ്ക്ക്‌ പേരറിയാത്ത ഒരു പൂവ്‌ മകള്‍ക്ക്‌ അപ്പൂപ്പന്‍ താടി ആരോടെന്നില്ലാതെ തര്‍ക്കിച്ചു നില്‍ക്കുന്ന ഒരാല്‍ മരത്തിനു കീഴെ പൊഴിഞ്ഞ ഓര്‍മ്മകള്‍ പെറുക്കും അവന്‍. കുഞ്ഞുന്നാളില്‍ മുങ്ങാങ്കുഴിയിട്ട കൂട്ടുകാരന്‍ പുഴയില്‍ നിന്നു തലയുയര്‍ത്തി കിതയ്ക്കും: "ഇനി നീ"

ഛായ

Image
ഉല്‍പ്പത്തി സമദൂര സിദ്ധാന്തത്തിന്‍മേല്‍ മെര്‍ക്കുറിയുടെ ത്രിമാന കവചം അനന്തം ആഴത്തെളിമ തീപിടിച്ച കപ്പല്‍പ്പായകളില്‍ ആര്‍ക്കമെഡീസ്‌ പഴമ്പെരുമ സില്‍വിയാപ്ളാത്ത്‌ ഇടപ്പള്ളി നിഷേധി ആത്മാക്കളുടെ സ്നാനഘട്ടം കടക്കുമ്പോള്‍ നാര്‍സിസ്സിനോട്‌ ഒന്നും ചോദിയ്ക്കരുതെന്ന്‌ കല്‍പന ഛായ ചിതറി വീണുടഞ്ഞാലും അദ്വൈതം വിരല്‍ മുക്കിയ സ്ഥാനഭ്രംശത്തില്‍ ബാല്യം ഉപ്പൂറ്റി തേഞ്ഞ നൂറ്റാണ്ടുകള്‍ക്കന്ത്യം ദര്‍ശനസൌഖ്യം ക്രമേണ നിശ്ചലതയിലേക്ക്‌ വളര്‍ന്ന പൌരുഷം ഒടുവില്‍ നേടിയത്‌ സൂര്യനോട്‌ ഉരുളയ്ക്കുപ്പേരിച്ചങ്കൂറ്റം ചിരിച്ചും കരഞ്ഞും ചിരിപ്പിച്ചും കരയിപ്പിച്ചും അസൂയപ്പെട്ടും പെടുത്തിയും ദ്വേഷിച്ചും അഹങ്കരിച്ചും പേടിച്ചും പ്രണയിച്ചും തലയ്ക്കു തീപിടിച്ചും മുങ്ങി മരിച്ചു മറഞ്ഞ നിലവിളികളിലൊന്നില്‍ ഒരു സ്വത്വാന്വേഷി - ചെമ്പഴന്തി മുഖം. ഛായ ചിലപ്പോള്‍ ഉന്‍മാദവേഗികള്‍ക്ക്‌ മുന്നറിയിപ്പിന്റെ പിന്‍കാഴ്ച മുഖത്ത്‌ പൊട്ടിമുളച്ച്‌ നിറഞ്ഞു കവിഞ്ഞ്‌ ഉണങ്ങിയൊടുങ്ങിയ കൊച്ചുകൊച്ചഗ്നിപര്‍വതങ്ങളിലേയ്ക്ക്‌ ഉള്‍ക്കാഴ്ച്ചയുടെ തണുത്ത ലാവാപ്രവാഹം ശിശിരം കറുപ്പുകൊഴിഞ്ഞു തുടങ്ങിയ കോണിഫറസ്‌ വനങ്ങ

യാത്ര

Image
നടക്കുകയായിരുന്നു; രാത്രി വെട്ടിത്തിരിഞ്ഞു നിന്നു - വാടീ വാ! ഞാനൊറ്റയ്ക്ക്‌! നിഴല്‍ക്കവുങ്ങില്‍ കുലുങ്ങിച്ചിരി ഹി ഹി കൊള്ളാം എന്ന്‌ ഒരു വാഴയില പിന്നില്‍... ? ഇരുട്ട്‌ തന്നെ എന്തിനും തയ്യാറെന്ന്‌ ചിറികോട്ടുന്നു ചിരിയില്ല ഒച്ചയില്ല ആരുമില്ല അയ്യോ!പാവം എന്ന്‌ ദൂരെ നിന്നൊരു തെരുവു ബള്‍ബ്‌ ഇനി? മുകളിലേയ്ക്കു നോക്കുമ്പോള്‍... ഹൗ! എന്റെ കുഞ്ഞു നക്ഷത്രം മാത്രം ദൈവത്തിന്റെ കണ്ണ്‌ എന്റെ കണ്ണായ ദൈവം ദൈവമേ ഞാന്‍! വേഗം നടന്നു.

ഓട്ടോഗ്രാഫ്‌

Image
മാര്‍ച്ചിനു മുകളിലൂടെ പറക്കുന്നു നമ്മള്‍. നമ്മുടെ അവസാനത്തെ മാര്‍ച്ച്‌. പടിഞ്ഞാറ്‌ ഒരിടത്ത്‌ വിളക്കണയുന്നു. നമുക്കിനി മണിക്കൂറുകള്‍ മാത്രം. നീ നീട്ടിയ പുസ്തകം നിന്റെ ഹൃദയമാണെന്നറിയാം. ഇതാ, അവസാനതാളില്‍ എന്റെ ഒരു തുള്ളി രക്തം. ഒരിയ്ക്കലുമുണങ്ങാതെ ത്രസിച്ചുകൊണ്ട്‌ അതവിടെ അവശേഷിയ്ക്കട്ടെ. ഉറുമ്പുകളെപ്പോലെ വരിയൊപ്പിച്ചു നീങ്ങുന്ന എന്റെ അക്ഷരങ്ങള്‍ക്കറിയാം നിന്റെ ഹൃദയത്തിലേയ്ക്കുള്ള വഴി. ഒരു പൂര്‍ണ്ണവിരാമത്തില്‍ ഒരിയ്ക്കലും ഒന്നും ഒതുങ്ങില്ലെന്ന്‌ ഞാന്‍ ഇപ്പോള്‍ തിരിച്ചറിയുന്നു. എങ്കിലും രാക്കറുപ്പുമായ്‌ ഒരു പൂര്‍ണ്ണവിരാമചിഹ്നം ഈ വരിയ്ക്കുപിന്നിലുദിയ്ക്കുക തന്നെ ചെയ്യും.

വീട്‌, ജൂണില്‍

Image
7,വ്യാഴം സ്വര്‍ഗത്തിലേയ്ക്കുള്ള വഴി എന്റെ വീട്ടുമുറ്റത്തുകൂടിയാണ്‌. ഉരുണ്ട ചരല്‍ക്കല്ലുകള്‍ക്കു മുകളിലൂടെ ഒരു തവള ശബ്ദഘോഷങ്ങളോടെ പോകുന്നു. ഉറക്കമുണര്‍ന്ന ആലസ്യത്തില്‍ വിരിപ്പിനുള്ളിലേയ്ക്ക്‌ കിടക്ക വീണ്ടും ചുരുങ്ങുന്നു. War and Peace ഇരുനൂറ്റി മുപ്പത്തിരണ്ടാം പേജില്‍ കമഴ്ന്ന്‌ കിടക്കുന്നു. ഇത്‌ ജൂണാണ്‌. അവള്‍ വരുമെന്ന്‌ പറഞ്ഞതെന്നാണ്‌? എന്റെ വീട്ടുമുറ്റത്തുകൂടി വെള്ളം ഒഴുകുകയാണ്‌, സ്വര്‍ഗത്തിലേയ്ക്ക്‌. 9, ശനി മഴ പെയ്യുകയാണ്‌. ഇന്നലെ കണ്ട സ്വപ്നമെന്താണ്‌? തിമിംഗലങ്ങള്‍ ജലം പോലെ സുതാര്യമായ സ്വപ്നങ്ങള്‍ കാണുന്നു. കുതിരകള്‍ മേടുകള്‍ പോലെ വിശാലമായ സ്വപ്നങ്ങളും. ചിലന്തികള്‍ക്ക്‌ എന്തുതരം സ്വപ്നങ്ങളാണ്‌? അവ ഉറങ്ങാറില്ലായിരിക്കും. കണ്ണടയ്ക്കു മുകളിലൂടെ ഒരു കാക്കയെപ്പോലെ നോക്കിക്കൊണ്ട്‌ പ്രവീണ്‍ ഇന്നലെ ഒരു തമാശ പറഞ്ഞു. ചെറുകാറ്റത്ത്‌ ചെറിയ ഇലകള്‍ അനങ്ങുന്നു. ബ്രെഡിന്റെ തരികളുമായി പോകുന്നു എന്റെ വീട്ടിലെ ഉറുമ്പുകള്‍. What is Literature? ക്സിറോക്സ്‌ മെഷീനില്‍ പിറന്ന ടെറി ഈഗിള്‍ടണ്‍ മേശപ്പുറത്ത്‌ മലര്‍ന്നുകിടക്കുന്നു. ജയിംസി ന്റെ മൃദംഗം ഈയിടെയായി

കുളം

Image
പടിഞ്ഞാറെ അതിരില്‍ സര്‍പ്പക്കാവിനു പിന്നില്‍ വെയിലറിയാതെ ഒളിവില്‍ കഴിഞ്ഞു പോന്നു ഒരുപാടുനാള്‍, ഞങ്ങളുടെ കൊച്ചുകുളം. ഒരൊറ്റ വൈകുന്നേരം പോലും കരുവണ്ണാച്ചികള്‍ക്കും കാരാമകള്‍ക്കും പുളവന്‍മാര്‍ക്കും മാത്രമായി ഞങ്ങള്‍ വിട്ടുകൊടുത്തില്ല. ആദ്യം അച്ഛന്റെ കൈത്തണ്ടവണ്ണത്തില്‍ സ്നേഹബലമാര്‍ന്ന പൂവരശിന്‍ കൊമ്പിലേയ്ക്ക്‌ ഒരോടിക്കയറ്റം. പിന്നെ അമ്മയുടെ കുറുക്കുകാളന്‍ പകര്‍ച്ച പോലെ പഴന്തണുപ്പുറഞ്ഞ വെളളത്തിലേയ്ക്ക്‌ ഒറ്റക്കുതിപ്പ്‌. ഉതിക്കൊമ്പില്‍ ഞങ്ങള്‍ വവ്വാലുകളായി അവധിപ്പകലുകള്‍ തലകിഴുക്കാമ്പാടായി. കരഞ്ഞു കരഞ്ഞിരുന്നു ചില കര്‍ക്കിടകപ്പാതിരകള്‍, പണ്ട്‌ ചേറില്‍പ്പുതഞ്ഞ്‌ കളഞ്ഞുപോയ ഞങ്ങളുടെ കുഞ്ഞമ്മാവനെയോര്‍ത്ത്‌. മുങ്ങാങ്കുഴിയിട്ടു ചെന്ന്‌ മുളളന്‍ പായല്‍ക്കെട്ടിളക്കുമ്പോള്‍ മുകള്‍പ്പരപ്പില്‍ ഒന്നൊന്നായി പൊന്തി വന്നു പൊട്ടുന്നു, നശിച്ച ഓര്‍മ്മകള്‍. കൊന്നുകുഴിച്ചുമൂടിയ ഒരു കുളമുണ്ട്, എന്റെ മാര്‍ബിള്‍ മുറിച്ചുവട്ടില്‍.

പനി

Image
പ്രളയം പെയ്തൊരു ദിവസമായിരു- ന്നവരൊക്കെക്കൂടി വിരുന്നു വന്നത്‌. * * * അതിന്‍ തലേന്നാ ണെന്നെനിയ്ക്കു തോന്നണു, പനി കൊണ്ടുത്തന്ന നിശ്ശബ്ദ തയുടെ കരിമ്പടം പുതച്ചുറക്കം നിന്നത്- പനി തന്നെ നീണ്ടൊരുറക്കമാണല്ലോ! ചലനങ്ങള്‍, ശബ്ദം, ചുവരിന്‍മേല്‍ ക്ളോക്കില്‍ മുറിച്ച കേക്കിന്റെ കഷണം പോല്‍ കാലം. പ്രളയം പെയ്യുന്നു, എനിയ്ക്കു ചുറ്റിനു- മനിയന്‍മാരുടെ (ഇളയവന്‍ പാച്ചു കരയുന്ന ശബ്ദം) പതിവ്‌ മേളക്കം. പരിചിതമായ പരിസരം, പക്ഷേ പറഞ്ഞില്ലേ പനി ഉറക്കമാണെന്ന്‌... ! നിശ്ശബ്ദതയുടെ കരിമ്പടം പനി. പരിചിതമായ പലതിനോടും ഞാ- നറിയാതെയൊരു പിണക്കം. അച്ഛന്റെ കവിതപ്പുസ്തകമെവിടെ വച്ചമ്മേ? പതിഞ്ഞൊരൊച്ചയേ പുറത്തു വന്നുള്ളൂ, പനിയല്ലേ? വേണ്ട, പനിമാറിക്കഴി- ഞ്ഞെണീക്കട്ടെ, അമ്മ കിടക്കുകയാവും. ഇരുട്ടാണെങ്കിലും ചിലപ്പോഴൊക്കെ ഞാ- നുണരുമ്പോഴമ്മയടുത്തുണ്ട്‌. പാച്ചു ഉറങ്ങുകയാവും- ഉറങ്ങട്ടെ അവന്‍. പ്രളയം തോരട്ടെ, പനി മാറിപ്പകല്‍ വെളിച്ചമെത്തിയാലവനെയും കൂട്ടി- ക്കളിക്കാന്‍ പോകണം. കളിക്കാന്‍ പാടില്ല! മിനിഞ്ഞാന്നല്ലേ ഞാന്‍ (അതിന്‍

പതഞ്ഞു പതഞ്ഞ്‌ എന്റെ അമ്മ

Image
അമ്മയുടെ കയ്യില്‍ വിരലുകളില്ല, പകരം പ്രഭ ചൊരിഞ്ഞ്‌ അഞ്ചു പകലുകള്‍. അസ്തമിക്കുകയില്ല അവ. ഉള്ളം കയ്യില്‍ ഒരു കടല്‍; ഒന്ന്‌ രണ്ട്‌ മൂന്ന്‌ എന്ന്‌ തിരകള്‍. ഒടുവില്‍ തളര്‍ന്നു മയങ്ങുമ്പോള്‍ എന്റെ പിഞ്ചു കണങ്കാലുകളിലേയ്ക്ക്‌ പതഞ്ഞു പതഞ്ഞ്‌ എന്റെ അമ്മ. ഒരു ഭ്രൂണകാല ലായിനിയായ്‌ ഇളഞ്ചൂടിലൂറി മുറിയ്ക്കകം നിറയെ ഒഴുകിപ്പരന്ന്‌ ഇങ്ങനെ ഞാനും എന്റെ അമ്മയും... "അമ്മേ" എന്നു ഞെട്ടറ്റു വീണ എന്റെ രാത്രി സ്വപ്നങ്ങള്‍. ഇരുട്ടു വകഞ്ഞ്‌ അമ്മയുടെ കൈ; എനിക്കു തൂങ്ങാനൊരു വിരല്‍ത്തുമ്പും. അമ്മയുടെ പകല്‍ത്തുമ്പില്‍ത്തൂങ്ങി എനിക്കും ഈ മുറി വിട്ടു പുറത്തിറങ്ങണം. "എന്താണമ്മേ ഈ മുറിയ്ക്കുപുറത്ത്‌?"

പാത് ഫൈന്റര്‍

Image
... 2,1,0. അരമുള്ള ഒരു വാക്കൂരി എന്റെ കഴുത്തിലുരുമ്മി അവള്‍ ചീറി ഞാന്‍ ശ്വാസമടക്കി . ..വിയര്‍പ്പ്‌ ,രക്തം,മാംസം. ഞങ്ങള്‍ ഭൂമി വിട്ടു.

സമുദ്രസാന്ത്വനം

Image
ഒടുവിലെന്താണു പറയേണ്ടതെന്നോര്‍ത്തു മനസ്സു വല്ലാതെ വീര്‍പ്പുമുട്ടുമ്പോഴെന്‍ മിഴികളൂറി നിന്‍ രൂപം ജലാര്‍ദ്രമൊരു കണികയില്‍ നിന്നു താഴേയ്ക്കടര്‍ന്നു പോയ്‌! പൊരുളഴിയ്ക്കുവാനാവാത്ത ചോദ്യങ്ങ- ളിളകി മറിയുന്ന കടലിന്റെ മനസ്സുമായ്‌ ചൊരിമണല്‍ വാരി നമ്മള്‍ മെനഞ്ഞ പാഴ്‌- ക്കനവുകള്‍ ഇനി തിരയെടുക്കെണ്ടവ അകലെയൊരുപക്ഷേ അസ്തമയമില്ലാത്ത പല നിറപ്പൂക്കള്‍ പുളകങ്ങള്‍ പേറുന്ന ചലനമില്ലാത്തതായൊന്നുമില്ലാത്ത തിര കയര്‍ക്കാത്ത തീരം തെളിഞ്ഞേക്കാം ഇനിയതല്ലെങ്കിലെല്ലാം നശിക്കട്ടെ, ഇരുളുമൂടട്ടെ,യെത്രയായാലുമ- ത്തമ:സമുദ്രത്തിലെന്റെയൊപ്പം നിന്റെ മൊഴികളുണ്ടെങ്കിലത്രമാത്രം മതി! "ഒരു തമാശപോലെല്ലാം മറക്കുക, ചിരി വിരിയ്ക്കുക, കടലുപോല്‍ സകലതും കരളിലേന്തുക, കാലമെന്നൊന്നുണ്ട്‌" മനസ്സിലാരോ പറഞ്ഞുവോ? തിരകളോ? മഴ പൊടിയ്ക്കുന്നു മേഘങ്ങളായിരം വിരലുകള്‍ നീട്ടി നമ്മില്‍ത്തണുപ്പിന്റെ യലിവുചൊരിയുന്നു സ്മൃതികളിലാദിമ- സ്സുഖ:സുഷുപ്തി, നിതാന്തമാം ശാന്തത. മരണമില്ലിനി, കൂടിവന്നാലൊരു ചെറിയ വേര്‍പാട്‌, നശ്വരമാണത്‌ മഴ കഴിഞ്ഞു, കുതിര്‍ന്ന ചിറകില്‍ നിന്നു ജല കണങ്ങള്‍. പറക്കാം നമുക്കിനി. ശരിയിതാണെന്റെ പ്രണയിനീ നീ നിന്റെ മിഴികളൊപ്പ

വഴി

വഴി സേലം-കന്യാകുമാരി ദേശീയപാതയോരത്ത് വേണോ വേണോ എന്ന് ഇടം വലം കണ്ണെറിഞ്ഞ് എന്തൊരു സ്ഫീഡെന്ന് ഉമിനീര് പതപ്പിച്ച് മറുകര പറ്റാന്‍ മടിച്ച് ഒരേ നില്‍പ്പ് നില്‍ക്കും വെളുപ്പിനെ ചന്ത പിരിഞ്ഞുപോന്ന ചെമ്മണ്‍ പാത. മദമിളകിയ മിഥുനം ചങ്ങല കിലുക്കിപ്പാഞ്ഞ് ഒറ്റ രാത്രി കൊണ്ട് തിരുത്തും അച്ഛന്റെ സൈക്കിള്‍ അന്നുവരെ അളന്നെഴുതിയതെല്ലാം. കോടമഞ്ഞിന്റെ ഇരുമുടിയേന്തി വരിതെറ്റാതെ ശരണം വിളിച്ചുനീങ്ങും കറുപ്പുടുത്ത മകരസന്ധ്യകള്‍. ഓരോ മേടത്തിലും ഓരോ മാങ്ങാച്ചുന നിക്കറിനോടും മത്സരിച്ച് ടയറുരുട്ടാന്‍ കൂടും അന്തിയോളം മാനത്തൊരാള്‍. ഒരു കയ്യബദ്ധത്തില്‍ പാതി ചത്ത ആറ് ബി യിലെ വഴിക്കണക്ക് ക്രാഷ് ലാന്‍ഡ് ചെയ്യും കലുങ്കിനരികിലെ തൊട്ടാവാടിപ്പൊന്തയെ ചൂളിപ്പിച്ചുകൊണ്ട് ഒരു കടലാസുവിമാനത്തില്‍. സേലം-കന്യാകുമാരി ദേശീയപാതയിലൂടെ അനങ്ങിയനങ്ങി വരുന്നുണ്ട് ടാറുടുപ്പിയ്ക്കാന്‍ ഒരു റോഡ് റോളര്‍. വേണ്ട വേണ്ട എന്ന് ചിണുങ്ങിക്കരഞ്ഞ് ഏതു വഴിയ്ക്ക് കുതറിയോടും?