പ്രത്യേകിച്ചൊന്നുമില്ല

പ്രണയത്തെപ്പറ്റിച്ചിലര്‍ പറയാറുണ്ട്‌
വിയര്‍ത്തൊഴുകുന്ന വേനല്‍പ്പകലുകളില്‍
എവിടുന്നെന്നറിയാതെ പടര്‍ന്നുകത്തി
വനമാകെ വിഴുങ്ങുന്ന കൊടുംവിശപ്പ്‌.

എനിക്കുണ്ട്‌ പ്രണയിനി, ഒരിയ്ക്കലെന്നോ
മഴക്കാറു മണക്കുന്ന മുടിയിഴയാല്‍
വരിഞ്ഞെന്നെ മുറുക്കിയതയഞ്ഞിട്ടില്ല.
അവള്‍, എന്നാല്‍, പിണങ്ങാത്ത ദിവസമില്ല.
തിടുക്കത്തില്‍ കനപ്പിച്ച മുഖവുമായി
കിഴക്കേതോ മലകളില്‍ പൊഴിഞ്ഞുതോരും.

പ്രണയിച്ചാല്‍ ചോര വീണ്ടും ചുവക്കുമത്രേ !
സുഹൃത്തൊരു കവിയുണ്ട്‌,പറഞ്ഞതാണ്‌...
അറിയില്ല ഒരുപക്ഷേ അതുകൊണ്ടാവാം
ചുവപ്പല്ലേ ഒടുക്കത്തെ പ്രണയവര്‍ണ്ണം ?

ഗതികെട്ട്‌ പ്രണയം പോയൊടുങ്ങാറുളള
ചിത കണ്ട്‌ പലപ്പോവും നടുങ്ങാറുണ്ട്‌...
രഹസ്യമായ്‌, പക്ഷേ ഞങ്ങള്‍ കൊതിയ്ക്കാറുണ്ട്‌-
പ്രണയവും മരണവുമിരുവശത്തും
തണല്‍ച്ചില്ല വിരിയ്ക്കുന്ന വഴിയിലൂടെ
വെളിച്ചത്തില്‍ കുളിച്ചൊരു ശവമഞ്ചത്തില്‍
പരസ്പരം പുണര്‍ന്നുകൊണ്ടനന്തമായി...

കഥയൊക്കെക്കൊളളാം, പക്ഷേ ശരിയാവില്ല...
മരിച്ചൊന്നും പ്രണയിച്ചാല്‍ മുതലാവില്ല...
വെറുതെ ഞാനെന്തൊക്കെയോ...സമയങ്കൊല്ലാന്‍...

ടെലിഫോണില്‍ മണിയൊച്ച മുഴങ്ങുന്നുണ്ട്‌...
ചിലപ്പോഴതവളാവും, ഒരു സെക്കന്‍ഡ്‌...



Comments

Popular posts from this blog

ഛായ

വഴി