അവാര്‍ഡുകള്‍

2009 ലെ മികച്ച യുവകവിക്കുള്ള വി. ടി. കുമാരന്‍ മാസ്റ്റര്‍ അവാര്‍ഡ്‌ ലഭിച്ചു.

Wednesday, January 28, 2009

സമുദ്രസാന്ത്വനം

ഒടുവിലെന്താണു
പറയേണ്ടതെന്നോര്‍ത്തു
മനസ്സു വല്ലാതെ വീര്‍പ്പുമുട്ടുമ്പോഴെന്‍
മിഴികളൂറി നിന്‍ രൂപം ജലാര്‍ദ്രമൊരു
കണികയില്‍ നിന്നു താഴേയ്ക്കടര്‍ന്നു പോയ്‌!

പൊരുളഴിയ്ക്കുവാനാവാത്ത ചോദ്യങ്ങ-
ളിളകി മറിയുന്ന കടലിന്റെ മനസ്സുമായ്‌
ചൊരിമണല്‍ വാരി നമ്മള്‍ മെനഞ്ഞ പാഴ്‌-
ക്കനവുകള്‍ ഇനി തിരയെടുക്കെണ്ടവ

അകലെയൊരുപക്ഷേ അസ്തമയമില്ലാത്ത
പല നിറപ്പൂക്കള്‍ പുളകങ്ങള്‍ പേറുന്ന
ചലനമില്ലാത്തതായൊന്നുമില്ലാത്ത
തിര കയര്‍ക്കാത്ത തീരം തെളിഞ്ഞേക്കാം

ഇനിയതല്ലെങ്കിലെല്ലാം നശിക്കട്ടെ,
ഇരുളുമൂടട്ടെ,യെത്രയായാലുമ-
ത്തമ:സമുദ്രത്തിലെണ്റ്റെയൊപ്പം നിന്റെ
മൊഴികളുണ്ടെങ്കിലത്രമാത്രം മതി!

"ഒരു തമാശപോലെല്ലാം മറക്കുക,
ചിരി വിരിയ്ക്കുക, കടലുപോല്‍ സകലതും
കരളിലേന്തുക, കാലമെന്നൊന്നുണ്ട്‌"
മനസ്സിലാരോ പറഞ്ഞുവോ? തിരകളോ?

മഴ പൊടിയ്ക്കുന്നു മേഘങ്ങളായിരം
വിരലുകള്‍ നീട്ടി നമ്മില്‍ത്തണുപ്പിണ്റ്റെ
യലിവുചൊരിയുന്നു സ്മൃതികളിലാദിമ-
സ്സുഖ സുഷുപ്തി, നിതാന്തമാം ശാന്തത

മരണമില്ലിനി, കൂടിവന്നാലൊരു
ചെറിയ വേര്‍പാട്‌, നശ്വരമാണത്‌
മഴ കഴിഞ്ഞു, കുതിര്‍ന്ന ചിറകില്‍ നിന്നു
ജല കണങ്ങള്‍ പറക്കാം നമുക്കിനി

ശരിയിതാണെന്റെ പ്രണയിനീ നീ നിന്റെ
മിഴികളൊപ്പണം വിലപിച്ചു തള്ളുവാന്‍
സമയമില്ല, തുറക്കുക, മനസ്സിലേ-
യ്ക്കരുണ സൂര്യന്‍ പൊഴിയ്ക്കട്ടെ സാന്ത്വനം.

Friday, January 2, 2009

വഴി


സേലം-കന്യാകുമാരി ദേശീയപാതയോരത്ത്‌
വേണോ വേണോ എന്ന്‌ ഇടം വലം കണ്ണെറിഞ്ഞ്‌
"എന്തൊരു സ്ഫീഡെ"*ന്ന്‌ ഉമിനീരുപതപ്പിച്ച്‌
മറുകര പറ്റാന്‍ മടിച്ച്‌
ഒരേ നില്‍പു നില്‍ക്കും
വെളുപ്പിനെ ചന്ത പിരിഞ്ഞുപോന്ന ചെമ്മണ്‍ പാത.

മദമിളകിയ മിഥുനം
ചങ്ങല കിലുക്കിപ്പാഞ്ഞ്‌
ഒറ്റ രാത്രി കൊണ്ട്‌ തിരുത്തും
അച്ഛണ്റ്റെ സൈക്കിള്‍
അന്നുവരെ അളന്നെഴുതിയതെല്ലാം.

കോടമഞ്ഞിണ്റ്റെ ഇരുമുടിയേന്തി
വരിതെറ്റാതെ ശരണം വിളിച്ചുനീങ്ങും
കറുപ്പുടുത്ത മകരസന്ധ്യകള്‍.

ഓരോ മേടത്തിലും
ഓരോ മാങ്ങാച്ചുന നിക്കറിനോടും
മത്സരിച്ച്‌ ടയറുരുട്ടാന്‍ കൂടും
അന്തിയോളം മാനത്തൊരാള്‍.

ഒരു കയ്യബദ്ധത്തില്‍ പാതി ചത്ത
ആറ്‌ ബി യിലെ വഴിക്കണക്ക്‌
ക്രാഷ്‌ ലാന്‍ഡ്‌ ചെയ്യും
കലുങ്കിനരികിലെ തൊട്ടാവാടിപ്പൊന്തയെ ചൂളിപ്പിച്ചുകൊണ്ട്‌
ഒരു കടലാസുവിമാനത്തില്‍.

സേലം-കന്യാകുമാരി ദേശീയപാതയിലൂടെ
അനങ്ങിയനങ്ങി വരുന്നുണ്ട്‌
ടാറുടുപ്പിയ്ക്കാന്‍ ഒരു റോഡ്‌റോളര്‍.

വേണ്ട വേണ്ട എന്ന്‌ ചിണുങ്ങിക്കരഞ്ഞ്‌
ഏതു വഴിയ്ക്ക്‌ കുതറിയോടും?


------------------------------
* അടൂറ്‍ ഗോപാലകൃഷ്ണണ്റ്റെ കൊടിയേറ്റം എന്ന ചിത്രത്തില്‍ ശങ്കരന്‍ കുട്ടി പറയുന്ന ഡയലോഗ്‌

Followers

ഞാൻ...

My photo
ആലപ്പുഴ, കേരളം, India
ആലപ്പുഴയിൽ ജനിച്ചു.അധ്യാപകന്‍. വിലാസം: ഉണ്ണി ശ്രീദളം ശ്രീദളം പഴവീട്‌. പി. ഒ. ആലപ്പുഴ-688009 ഫോൺ: വീട്‌-0477 2254977 മൊബൈൽ-9633346400 email : unnisreedalam1@gmail.com