അവാര്‍ഡുകള്‍

2009 ലെ മികച്ച യുവകവിക്കുള്ള വി. ടി. കുമാരന്‍ മാസ്റ്റര്‍ അവാര്‍ഡ്‌ ലഭിച്ചു.

Monday, December 12, 2016

മീന്‍ലോറിയുടെ പിന്നാലെ ബൈക്കോടിക്കുമ്പോള്‍

മീന്‍ലോറിയുടെ പിന്നാലെ ബൈക്കോടിക്കുമ്പോള്‍
പുറത്ത് തൂങ്ങിയാടുന്ന കറുത്തുവളഞ്ഞ കുഴലുകളില്‍ നിന്ന്
തെറിക്കുന്ന ഉളുമ്പുമഴയല്ല മതത്തെ ഓര്‍മ്മിപ്പിച്ചത്.
അകത്തെ ആശയങ്ങളുടെ മോര്‍ച്ചറിയാണ്.

തെരുവില്‍ ഒരു ജഡം

തെരുവില്‍ ഒരു ജഡം.മെത്ത മേലെന്ന പോലെ
കമിഴ്ന്നു കിടക്കുന്നു,ഒറ്റയ്ക്ക്.ഇടത്തോട്ട് ചരിഞ്ഞ് തല,
വലം കാല്‍ മുട്ട് കുറച്ചൊന്നു മടക്കി കുറേക്കൂടി 
ഉറക്കസുഖം തേടും അലസ ശരീരം പോല്‍  
ആണ്‍ ജഡം കിടക്കുന്നു. 
 
ചെന്നിയില്‍ വെടിത്തുള.ഒഴുകി നിലത്താകെ 
പടര്‍ന്ന ചോര,പാതി ഉണങ്ങി,
ദേശത്തിന്റെ ഭൂപടം വരച്ചിട്ടു.
പതിയെ പടരുന്ന ചോര ഭൂപടത്തിന്റെ
അതിര്‍ത്തി തുടര്‍ച്ചയായ് പുതുക്കി വരയ്ക്കുന്നു.     
 
ഒറ്റയ്ക്ക് ചില്‍ഡ്രന്‍സ് പാര്‍ക്ക്.കളിയ്ക്കുകൂട്ടില്ലാതെ,
ചടഞ്ഞ് തുരുമ്പിച്ച്.കോര്‍ത്തകൈയ്യഴിക്കാതെ അനങ്ങാതൂഞ്ഞാല്‍ക്കണ്ണി.
നൂറെണ്ണിത്തുടങ്ങുമ്പോള്‍ രാവിന്റെ മറയത്ത് 
ഒളിക്കാനോടിപ്പോയ കളിവൈകുന്നേരങ്ങള്‍  
മടങ്ങിവന്നിട്ടില്ല, തോറ്റെന്ന് സുല്ലിട്ടിട്ടും. 
 
കാക്കിനിറം പൂണ്ട ഉണക്ക മണ്‍കുന്നുകള്‍ 
കാണുന്നു തെരുവിന്റെ അക്കരെ.ദൂരെ.
പച്ച തീണ്ടാത്ത കുന്നുകള്‍ക്ക് ഉയരം ഒരു പോലെ,
പട്ടാള മാര്‍ച്ചിന്റെ മുന്‍നിര കാണും പോലെ.   
കുന്നുകള്‍ക്കപ്പുറത്ത് മറ്റേതോ നാട്ടില്‍ നിന്ന് 
വരുന്നു  ദേശാടനപ്പറവക്കൂട്ടങ്ങളും 
 ബോംബര്‍ വിമാനങ്ങളും മാനത്ത് കൂടെക്കൂടെ.           

Tuesday, February 10, 2015

അക്വേറിയം

വെള്ളം നിറച്ച ഈ കണ്ണാടിപ്പെട്ടിയല്ല കടലെന്ന് ചിലപ്പോള്‍ തോന്നും.

കടല്‍ വലുതാണ്,മനസ്സില്‍ കൊള്ളുന്നതിനേക്കാള്‍ വളരെ വളരെ വലുത്.
അതിന് മൂലകളില്ല,വശങ്ങളും.
അത് നിറയുകയോ ഒഴിയുകയോ ഇല്ല.
കടലാണ്എല്ലാം,അതല്ലാതെ ഒന്നുമില്ല.

ആവോ,ആര്‍ക്കറിയാം!

മരിച്ചാലും അടയാത്ത കണ്ണുണ്ടായിട്ടും കാര്യമില്ല എന്നും
എത്ര കണ്ടാലും കഴിയുന്നില്ല മക്കളേ കടലറിവ്
എന്നുമൊക്കെ ഇങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും
കടലിലുണ്ടായി എന്നവകാശപ്പെടുന്ന ഞങ്ങളുടെ കിഴവിയാമ.
വട്ടുപിടിച്ച തള്ളയെന്ന ഞങ്ങളുടെ കളിയാക്കിച്ചിരികള്‍
ആ കനത്ത പുറന്തോടില്‍ തട്ടിത്തകരും.

മനസ്സ്,ഭാരം കുറഞ്ഞ് കുറഞ്ഞ്,ഒരു കുമിള പോലെ
ശരീരത്തില്‍ നിന്ന് വേര്‍പെട്ടകലുന്നതിനെയാണല്ലോ
വയസ്സാകല്‍ എന്ന് പറയുന്നത്.
ഒടുക്കം,മുകള്‍പ്പരപ്പില്‍ ചെന്ന് പതിഞ്ഞ ഒച്ചയില്‍ ഒന്ന് പൊട്ടും.

കടല്‍ ഉണ്ടാകാം,ഇല്ലായിരിക്കാം,
പക്ഷേ എല്ലാം കണ്ടുകൊണ്ട് ചില കണ്ണുകള്‍
എപ്പോഴുമുണ്ട്,ഈ കണ്ണാടിപ്പെട്ടിയ്ക്കു ചുറ്റും
എന്ന്പറഞ്ഞു നടക്കുന്ന ചുവന്ന മീന്‍ കൂട്ടം.
അദൃശ്യമായ ഏതോ ശക്തിയാല്‍ ആകര്‍ഷിക്കപ്പെട്ടതുപോലെ
അവര്‍ കൂട്ടമായി വേഗത്തില്‍ നീന്തി നടക്കും.
മറ്റാര്‍ക്കോ കണ്ടുരസിക്കാന്‍ വേണ്ടി തുറന്നു വെച്ച ജീവിതമാണ്
നമ്മുടേതെന്ന് രോഷം കൊള്ളും.

പിറുപിറുത്തു കൊണ്ട്മൂലകളില്‍ച്ചെന്ന് നില്‍ക്കും
കാഴ്ചയില്ലാത്ത പാവം തടിയന്‍ തവിട്ടുമീന്‍.
ഏകാന്തമായ പ്രാര്‍ഥനകള്‍.
അവന്റെ അലസമായ വാലിളക്കം കാണുമ്പോള്‍
വിരസത എന്ന് എഴുതിപ്പഠിക്കുകയാണെന്ന്തോന്നും.
ഇടയ്ക്കിടയ്ക്ക്പല നിറങ്ങളിലുള്ള ഊണുരുളകള്‍ പെയ്യുമ്പോള്‍
അവന്‍ മൂക്കു വിടര്‍ത്തി പ്രാര്‍ഥന ഉറക്കെയാക്കും.
വല്ലപ്പോഴും ഞങ്ങളും കൂടും.
മക്കളേ,അത് തിന്നരുതേ,നിങ്ങളുടെ ഓര്‍മ്മ മങ്ങിപ്പോകും
എന്ന് വിളിച്ച് പറയും ആമത്തള്ള.
കടലില്‍ മഴയില്ല പോലും.

ഇതല്ലാതെ വേറേതു കടല്‍ എന്നാര്‍ത്തു വിളിച്ച്
രസിച്ചു തിമിര്‍ക്കുന്ന സ്വര്‍ണ്ണ മീന്‍ കുഞ്ഞുങ്ങള്‍.
അവര്‍ പാഞ്ഞെത്തി വെട്ടി വിഴുങ്ങും
നിലത്തെത്തും മുന്‍പ് ഉരുളകളെല്ലാം.
എളുപ്പം ചത്തു പൊങ്ങുന്നു,ആ തിളങ്ങുന്ന തിമിര്‍പ്പുകള്‍.

ഇരുട്ടു വീഴുന്ന ചില നേരങ്ങളില്‍ തോന്നാറുണ്ട്
ശരിയ്ക്കും ഇതൊരു തടവറയാണെന്ന്.
ചത്തു പൊങ്ങിയതുപോലെ മുകള്‍പ്പരപ്പില്‍ വന്ന് കിടക്കും അന്നേരം.
കണ്ണു നിറയുന്നതറിയാം അന്നേരം.
ഞങ്ങളുടെ കണ്ണീര്‍ തന്നെയാണ് ഞങ്ങളുടെ കടല്‍
എന്ന് തിരിച്ചറിയാം അന്നേരം.

Thursday, February 20, 2014

അലാറം

അലാറം എന്നല്ല
അലറാറം എന്നായിരുന്നല്ലോ 
ഈ നശിച്ച കുന്തത്തിന്
പേര് വേണ്ടിയിരുന്നതെന്ന തോന്നല്‍ത്തുമ്പിയായിരുന്നു
എന്നും ആദ്യം കണ്‍പോളകളില്‍ വന്നിരിക്കാറുണ്ടായിരുന്നത്.

ഇന്ന് എന്നൊരു ടോര്‍ച്ചിന്
ഇന്നാ എന്നൊരു പുച്ഛത്തില്‍
സെര്‍ച്ച് ലൈറ്റ് ചൂണ്ടാനുള്ള 
ഒച്ച സ്വിച്ച്.

പേജ് നമ്പറില്ലാത്ത സമയത്തിന്റെ ബുക്കില്‍
പേജിന്‍ കോണൊരെണ്ണം മടക്കി വെച്ച്
ശബ്ദ ബുക്മാര്‍ക്കാക്കാറുണ്ട്,
ചില ഉറക്കങ്ങള്‍ക്ക് തൊട്ടുമുന്‍പ്.

ഓഫാക്കേണ്ടതെങ്ങിനെയെന്നറിയാത്ത ഒരലാറം
തലയ്ക്കകത്തായിപ്പോയത് കൊണ്ടാണ്
വട്ടന്‍ രാജേന്ദ്രന്‍ ഉറക്കം മറന്നലഞ്ഞത്.

രാപകലില്ലാതെ
മഴവെയിലില്ലാതെ
തീറ്റതൂറ്റലില്ലാതെ
ഉറക്കെയുറക്കെ അതലറിക്കൊണ്ടിരിക്കുമ്പോള്‍
ഉറക്കമെങ്ങിനെ ഉണരും ?

എന്നാല്‍ കുറച്ചുമനുഷ്യരെ,
ഒരു ജനതയെ മുഴുവന്‍,
ഒരു കാലഘട്ടത്തെയൊന്നാകെ,
ആയിരത്തായിരത്താണ്ടുകളെ,
ഞെട്ടിച്ചുണര്‍ത്തി വിടാനുള്ള അലര്‍ച്ചയാകുന്നു
ചില ചങ്കുകള്‍,
വളരെ വളരെ ചുരുക്കം ചില ചങ്കിടിപ്പുകള്‍.

Monday, January 27, 2014

ആണി

 തടവിയ നിറുകയില്‍ തടഞ്ഞതാണ്.
മുനതേഞ്ഞൊരെഴുത്താണിത്തണുപ്പിന്നറ്റം.
എഴുത്തുകളുടെയച്ഛന്‍ മറന്നതാകാം,
മുളപ്പിച്ച് മനപ്പൂര്‍വ്വം മറഞ്ഞതാകാം,
വലിച്ചൂരിയെടുക്കുവാന്‍ തരിക്കുന്നുണ്ട്.
ഞരമ്പിലൂടൊഴുകുന്ന കൊതികള്‍ തൊട്ട്
ചിതച്ചാരപ്പിടിയാകുമഹന്തവരെ
മുനത്തുഞ്ചത്തെഴുന്നള്ളിയിരിക്കയാണ്.

ഒരു വാക്കില്‍ പൊരുള്‍ക്കനല്‍ പഴുത്തുനീറ്റല്‍,
മറു വാക്കില്‍ പുഴുപ്പൊതിച്ചിറകനക്കം,
പദം തൊട്ടാല്‍ ചിതറിക്കാന്‍ തപിച്ചിരിയ്ക്കും
കുഴിബോംബുണ്ടിടയിലെ വരിയിലൊന്നില്‍.

ഒരു തുള്ളിക്കവിതയില്‍ പ്രപഞ്ചസത്ത
ഒളിപ്പിച്ചു തിളങ്ങുന്ന പുലരി കണ്ടു.
ഇരുമ്പാണി ത്തുളയുള്ള ഇരുകൈ വെള്ള
ഇനിപ്പിച്ച മഷിച്ചോരച്ചുരുള്‍ നിവര്‍ത്തി.
ഉരുള്‍പൊട്ടിയുപമകളൊലിച്ചുപോയി.
മുനമ്പിലെ പദത്തില്‍ നിന്നെടുത്തു ചാടി.
അനന്തമായ് വിടരുന്ന സ്ഥല-കാല*ത്തില്‍
നിസ്സംഗമായ് മിടിക്കുന്ന നിമിഷമായി.
*സ്ഥലകാലം:space-time എന്ന ഐന്‍സ്റ്റീനിയന്‍ പ്രപഞ്ച വിജ്ഞാനീയ സങ്കല്‍പ്പം.

Wednesday, January 15, 2014

വിശപ്പ്

"വിശന്നിട്ട് വയ്യ , തിന്നാനെന്തുണ്ട് " ഞാൻ ചോദിച്ചു.
"ക വറുത്തത് ഉണ്ട് " . അമ്മ പറഞ്ഞു.
ജനിച്ചപ്പോൾ മുതൽ ഈ ഭാഷ തിന്ന് തുടങ്ങിയതാണ്,
വറുത്തും പുഴുങ്ങിയും പച്ചയ്ക്കുമൊക്കെ;
വിശപ്പടങ്ങുന്നില്ല.

Friday, October 25, 2013

വീട്

പുഴയുടെ ജഡമാണതിന്റെ ത്വക്ക്
കുന്നിന്റെ ജഡമാണതിന്റെ പേശി
കാടിന്റെ ജഡമാണതിന്റെയസ്ഥി

Followers

ഞാൻ...

My photo
ആലപ്പുഴ, കേരളം, India
ആലപ്പുഴയിൽ ജനിച്ചു.അധ്യാപകന്‍. വിലാസം: ഉണ്ണി ശ്രീദളം ശ്രീദളം പഴവീട്‌. പി. ഒ. ആലപ്പുഴ-688009 ഫോൺ: വീട്‌-0477 2254977 മൊബൈൽ-9633346400 email : unnisreedalam1@gmail.com