അവാര്‍ഡുകള്‍

2009 ലെ മികച്ച യുവകവിക്കുള്ള വി. ടി. കുമാരന്‍ മാസ്റ്റര്‍ അവാര്‍ഡ്‌ ലഭിച്ചു.

Thursday, November 19, 2009

ഖനികവിയുടെ മരണചിന്ത സമ്പൂര്‍ണ്ണമത്രേ:
എന്തെന്നാല്‍
ഭയക്കുന്നതെന്തോ അതു തന്നെ അവന്‍ തിരയുന്നു.
തുരന്നു തുരന്ന്‌
ഒരു തുറന്ന ലോകത്തേയ്ക്ക്‌
ഒരു ദിവസം മഴു വഴുതുന്നു.


പിന്നിരുട്ടിലേയ്ക്ക്‌
ഒരു തിരിഞ്ഞു നോട്ടം പോലും വേണ്ട ഇനി.


സൂര്യന്‌ അച്ഛന്റെ മുഖമെന്ന്‌
അവനാദ്യമായി തിരിച്ചറിയുന്നു.
നല്ല സ്നേഹമുള്ള വെയില്‍
അമ്മയ്ക്ക്‌ ഒരു കുടന്ന വെള്ളം
ഭാര്യയ്ക്ക്‌ പേരറിയാത്ത ഒരു പൂവ്‌
മകള്‍ക്ക്‌ അപ്പൂപ്പന്‍ താടി


ആരോടെന്നില്ലാതെ തര്‍ക്കിച്ചു നില്‍ക്കുന്ന
ഒരാല്‍ മരത്തിനു കീഴെ
പൊഴിഞ്ഞ ഓര്‍മ്മകള്‍ പെറുക്കും അവന്‍.
കുഞ്ഞുന്നാളില്‍ മുങ്ങാങ്കുഴിയിട്ട കൂട്ടുകാരന്‍
പുഴയില്‍ നിന്നു തലയുയര്‍ത്തി കിതയ്ക്കും:


"ഇനി നീ"

Thursday, November 12, 2009

ഛായ
ഉല്‍പ്പത്തി
സമദൂര സിദ്ധാന്തത്തിന്‍മേല്‍
മെര്‍ക്കുറിയുടെ ത്രിമാന കവചം
അനന്തം
ആഴത്തെളിമ
തീപിടിച്ച കപ്പല്‍പ്പായകളില്‍
ആര്‍ക്കമെഡീസ്‌ പഴമ്പെരുമ
സില്‍വിയാപ്ളാത്ത്‌
ഇടപ്പള്ളി
നിഷേധി ആത്മാക്കളുടെ സ്നാനഘട്ടം കടക്കുമ്പോള്‍
നാര്‍സിസ്സിനോട്‌ ഒന്നും ചോദിയ്ക്കരുതെന്ന്‌ കല്‍പന


ഛായ
ചിതറി വീണുടഞ്ഞാലും അദ്വൈതം
വിരല്‍ മുക്കിയ സ്ഥാനഭ്രംശത്തില്‍ ബാല്യം
ഉപ്പൂറ്റി തേഞ്ഞ നൂറ്റാണ്ടുകള്‍ക്കന്ത്യം ദര്‍ശനസൌഖ്യം
ക്രമേണ നിശ്ചലതയിലേക്ക്‌ വളര്‍ന്ന പൌരുഷം
ഒടുവില്‍ നേടിയത്‌ സൂര്യനോട്‌ ഉരുളയ്ക്കുപ്പേരിച്ചങ്കൂറ്റം


ചിരിച്ചും കരഞ്ഞും
ചിരിപ്പിച്ചും കരയിപ്പിച്ചും
അസൂയപ്പെട്ടും പെടുത്തിയും
ദ്വേഷിച്ചും അഹങ്കരിച്ചും
പേടിച്ചും പ്രണയിച്ചും
തലയ്ക്കു തീപിടിച്ചും
മുങ്ങി മരിച്ചു മറഞ്ഞ
നിലവിളികളിലൊന്നില്‍
ഒരു സ്വത്വാന്വേഷി - ചെമ്പഴന്തി മുഖം.


ഛായ
ചിലപ്പോള്‍ ഉന്‍മാദവേഗികള്‍ക്ക്‌
മുന്നറിയിപ്പിന്റെ പിന്‍കാഴ്ച
മുഖത്ത്‌ പൊട്ടിമുളച്ച്‌
നിറഞ്ഞു കവിഞ്ഞ്‌
ഉണങ്ങിയൊടുങ്ങിയ
കൊച്ചുകൊച്ചഗ്നിപര്‍വതങ്ങളിലേയ്ക്ക്‌
ഉള്‍ക്കാഴ്ച്ചയുടെ തണുത്ത ലാവാപ്രവാഹം


ശിശിരം
കറുപ്പുകൊഴിഞ്ഞു തുടങ്ങിയ
കോണിഫറസ്‌ വനങ്ങളിലേയ്ക്ക്‌
തിരിച്ചറിവിന്റെ
പൊള്ളുന്ന സെര്‍ച്ച്‌ ലൈറ്റ്‌ മഞ്ഞളിപ്പ്‌


ഒടുക്കം
ഒടുവിലത്തെ ആണിയടിയുടെ മുഴക്കം
കേള്‍ക്കാം
ചില്ലുടയുന്ന കിലുക്കം
മരിച്ച മാലാഖയുടെ മുഖംമൂടിയ്ക്കുവേണ്ടി
ക്യൂ നില്‍ക്കുന്ന ശബ്ദതാരാവലികളോട്‌
അവസാനമായി ഒരു വാക്ക്‌ -
"പാകമായില്ലെങ്കില്‍പ്പിന്നെ ആറന്‍മുളക്കാര്‍ക്കും..."
*1998 ല്‍ പ്രസിദ്ധീകരിച്ച കവിതയാണ് . ഒരു പതിനെട്ടു വയസ്സുകാരന്റെ അപക്വ രചനയാണ് .

Saturday, November 7, 2009

യാത്ര


നടക്കുകയായിരുന്നു;
രാത്രി വെട്ടിത്തിരിഞ്ഞു നിന്നു - വാടീ വാ!
ഞാനൊറ്റയ്ക്ക്‌!


നിഴല്‍ക്കവുങ്ങില്‍ കുലുങ്ങിച്ചിരി
ഹി ഹി കൊള്ളാം എന്ന്‌ ഒരു വാഴയില
പിന്നില്‍... ?
ഇരുട്ട്‌ തന്നെ
എന്തിനും തയ്യാറെന്ന്‌ ചിറികോട്ടുന്നു


ചിരിയില്ല
ഒച്ചയില്ല
ആരുമില്ല


അയ്യോ!പാവം എന്ന്‌ ദൂരെ നിന്നൊരു
തെരുവു ബള്‍ബ്‌
ഇനി?


മുകളിലേയ്ക്കു നോക്കുമ്പോള്‍...
ഹൗ!
എന്റെ കുഞ്ഞു നക്ഷത്രം മാത്രം
ദൈവത്തിന്റെ കണ്ണ്‌
എന്റെ കണ്ണായ ദൈവം
ദൈവമേ
ഞാന്‍!


വേഗം നടന്നു.

Followers

ഞാൻ...

My photo
ആലപ്പുഴ, കേരളം, India
ആലപ്പുഴയിൽ ജനിച്ചു.അധ്യാപകന്‍. വിലാസം: ഉണ്ണി ശ്രീദളം ശ്രീദളം പഴവീട്‌. പി. ഒ. ആലപ്പുഴ-688009 ഫോൺ: വീട്‌-0477 2254977 മൊബൈൽ-9633346400 email : unnisreedalam1@gmail.com