നിദ്രയസ്വസ്ഥം

ഓര്‍മ്മയും മേഘങ്ങളുമൊഴിഞ്ഞബോധാകാശ
വീഥിയില്‍ തണല്‍വൃക്ഷച്ചില്ലകള്‍ കലമ്പുമ്പോള്‍
ചുവരില്‍ കാലത്തിന്റെ കാവല്‍ക്കാരുലാത്തുമ്പോള്‍

നിദ്രയസ്വസ്ഥം കണ്ണീര്‍ഗ്രന്ഥിയില്‍ ജലാശയം




ഇനിയൊന്നുമേ വയ്യെന്നുള്ളില്‍ നിന്നാരോ വീണ്ടും
മൊഴിയും നേരം മുഖംതിരിച്ചു കിടക്കുന്നു
മുറിയില്‍ വെളിച്ചമുണ്ടെങ്കിലും കാഴ്ച്ചയ്ക്കു മേല്‍
മറ പോലവ്യക്തമായോര്‍മ്മകള്‍ പരുങ്ങുന്നു
ഉറക്കം നഷ്ടപ്പെട്ടയാമങ്ങള്‍ തലയ്ക്കുള്ളില്‍
പുലര്‍ച്ചത്തീവണ്ടിയായ്‌ കുലുങ്ങിക്കുതിയ്ക്കുന്നു
നിദ്രയസ്വസ്ഥം;ചൂടുവിയര്‍പ്പില്‍ കുതിരുന്ന
കനവില്‍ ഖൈബര്‍ ചുരം കടന്നൂ മുഗള്‍ സൈന്യം

ഉറക്കെപ്പുറത്താരോചിരിയ്ക്കുമ്പോലെ പെട്ട-
ന്നിരമ്പീ ചാറ്റല്‍ മഴ

ഓര്‍മ്മകള്‍ നനയാതെ അടുക്കിപ്പിടിച്ചു കൊ-
ണ്ടോടിയ ബാല്യം സര്‍പ്പക്കാവിലെ പാലച്ചോട്ടില്‍
തണുപ്പില്‍ പരസ്പരം മറന്ന മദോന്മാദം
ഇനിക്കാണില്ലന്നെന്നോടവസാനമായ്‌ ച്ചൊല്ലി-
പ്പൊഴിഞ്ഞ കണ്ണീര്‍ത്തുള്ളി
ഇരുട്ടില്‍ സ്വയം മിടിപ്പൊടുക്കാന്‍ സാധിക്കാതെ
മനസ്സില്‍ നെരിപ്പോടായെരിഞ്ഞ നിമിഷങ്ങള്‍
നിലയ്ക്കാതുള്ളില്‍ മഴച്ചാലുകളൊന്നാകവേ
ഉറക്കെച്ചിലയ്ക്കുന്നുണ്ടലാറം, ഉണര്‍ത്തുവാന്‍!



Comments

this is one of my college day poems
published in mathrubhoomi weekly

written almost 10 yrs ago
നന്നായിരിക്കുന്നു ... എന്റെ ആശംസകള്‍ .... നന്മ വരട്ടെ എന്നും....!!!!

Popular posts from this blog

വഴി

മൊബൈല്‍

പനി