സമുദ്രസാന്ത്വനം













ഒടുവിലെന്താണു
പറയേണ്ടതെന്നോര്‍ത്തു
മനസ്സു വല്ലാതെ വീര്‍പ്പുമുട്ടുമ്പോഴെന്‍
മിഴികളൂറി നിന്‍ രൂപം ജലാര്‍ദ്രമൊരു
കണികയില്‍ നിന്നു താഴേയ്ക്കടര്‍ന്നു പോയ്‌!

പൊരുളഴിയ്ക്കുവാനാവാത്ത ചോദ്യങ്ങ-
ളിളകി മറിയുന്ന കടലിന്റെ മനസ്സുമായ്‌
ചൊരിമണല്‍ വാരി നമ്മള്‍ മെനഞ്ഞ പാഴ്‌-
ക്കനവുകള്‍ ഇനി തിരയെടുക്കെണ്ടവ

അകലെയൊരുപക്ഷേ അസ്തമയമില്ലാത്ത
പല നിറപ്പൂക്കള്‍ പുളകങ്ങള്‍ പേറുന്ന
ചലനമില്ലാത്തതായൊന്നുമില്ലാത്ത
തിര കയര്‍ക്കാത്ത തീരം തെളിഞ്ഞേക്കാം

ഇനിയതല്ലെങ്കിലെല്ലാം നശിക്കട്ടെ,
ഇരുളുമൂടട്ടെ,യെത്രയായാലുമ-
ത്തമ:സമുദ്രത്തിലെന്റെയൊപ്പം നിന്റെ
മൊഴികളുണ്ടെങ്കിലത്രമാത്രം മതി!

"ഒരു തമാശപോലെല്ലാം മറക്കുക,
ചിരി വിരിയ്ക്കുക, കടലുപോല്‍ സകലതും
കരളിലേന്തുക, കാലമെന്നൊന്നുണ്ട്‌"
മനസ്സിലാരോ പറഞ്ഞുവോ? തിരകളോ?

മഴ പൊടിയ്ക്കുന്നു മേഘങ്ങളായിരം
വിരലുകള്‍ നീട്ടി നമ്മില്‍ത്തണുപ്പിന്റെ
യലിവുചൊരിയുന്നു സ്മൃതികളിലാദിമ-
സ്സുഖ:സുഷുപ്തി, നിതാന്തമാം ശാന്തത.

മരണമില്ലിനി, കൂടിവന്നാലൊരു
ചെറിയ വേര്‍പാട്‌, നശ്വരമാണത്‌
മഴ കഴിഞ്ഞു, കുതിര്‍ന്ന ചിറകില്‍ നിന്നു
ജല കണങ്ങള്‍. പറക്കാം നമുക്കിനി.

ശരിയിതാണെന്റെ പ്രണയിനീ നീ നിന്റെ
മിഴികളൊപ്പണം വിലപിച്ചു തള്ളുവാന്‍
സമയമില്ല, തുറക്കുക, മനസ്സിലേ-
യ്ക്കരുണ സൂര്യന്‍ പൊഴിയ്ക്കട്ടെ സാന്ത്വനം.

Comments

this is one of my college day poems
published in mathrubhoomi weekly
ഛന്ദസ്സിനുള്ളിലും ചുറുചുറുക്കുള്ള ഇമേജറി വായിക്കുന്നത് നല്ല സന്തോഷം.
This comment has been removed by the author.
Anonymous said…
Unni!
Njan ninne kandethiyirikkunnu!
Pramod.KM said…
നല്ല കവിത.:)
‘അരുണ സൂര്യന്‍’??
അകലെയൊരുപക്ഷേ അസ്തമയമില്ലാത്ത
പല നിറപ്പൂക്കള്‍ പുളകങ്ങള്‍ പേറുന്ന
ചലനമില്ലാത്തതായൊന്നുമില്ലാത്ത
തിര കയര്‍ക്കാത്ത തീരം തെളിഞ്ഞേക്കാം>>>>>>>

ശുഭാപ്തി വിശ്വാസം....

Popular posts from this blog

വഴി

മൊബൈല്‍

പനി