
ഒടുവിലെന്താണു പറയേണ്ടതെന്നോര്‍ത്തു
മനസ്സു വല്ലാതെ വീര്‍പ്പുമുട്ടുമ്പോഴെന്‍
മിഴികളൂറി നിന്‍ രൂപം ജലാര്‍ദ്രമൊരു
കണികയില്‍ നിന്നു താഴേയ്ക്കടര്‍ന്നു പോയ്!
പൊരുളഴിയ്ക്കുവാനാവാത്ത ചോദ്യങ്ങ-
ളിളകി മറിയുന്ന കടലിന്റെ മനസ്സുമായ്
ചൊരിമണല്‍ വാരി നമ്മള്‍ മെനഞ്ഞ പാഴ്-
ക്കനവുകള്‍ ഇനി തിരയെടുക്കെണ്ടവ
അകലെയൊരുപക്ഷേ അസ്തമയമില്ലാത്ത
പല നിറപ്പൂക്കള്‍ പുളകങ്ങള്‍ പേറുന്ന
ചലനമില്ലാത്തതായൊന്നുമില്ലാത്ത
തിര കയര്‍ക്കാത്ത തീരം തെളിഞ്ഞേക്കാം
ഇനിയതല്ലെങ്കിലെല്ലാം നശിക്കട്ടെ,
ഇരുളുമൂടട്ടെ,യെത്രയായാലുമ-
ത്തമ:സമുദ്രത്തിലെണ്റ്റെയൊപ്പം നിന്റെ
മൊഴികളുണ്ടെങ്കിലത്രമാത്രം മതി!
"ഒരു തമാശപോലെല്ലാം മറക്കുക,
ചിരി വിരിയ്ക്കുക, കടലുപോല്‍ സകലതും
കരളിലേന്തുക, കാലമെന്നൊന്നുണ്ട്"
മനസ്സിലാരോ പറഞ്ഞുവോ? തിരകളോ?
മഴ പൊടിയ്ക്കുന്നു മേഘങ്ങളായിരം
വിരലുകള്‍ നീട്ടി നമ്മില്‍ത്തണുപ്പിണ്റ്റെ
യലിവുചൊരിയുന്നു സ്മൃതികളിലാദിമ-
സ്സുഖ സുഷുപ്തി, നിതാന്തമാം ശാന്തത
മരണമില്ലിനി, കൂടിവന്നാലൊരു
ചെറിയ വേര്‍പാട്, നശ്വരമാണത്
മഴ കഴിഞ്ഞു, കുതിര്‍ന്ന ചിറകില്‍ നിന്നു
ജല കണങ്ങള്‍ പറക്കാം നമുക്കിനി
ശരിയിതാണെന്റെ പ്രണയിനീ നീ നിന്റെ
മിഴികളൊപ്പണം വിലപിച്ചു തള്ളുവാന്‍
സമയമില്ല, തുറക്കുക, മനസ്സിലേ-
യ്ക്കരുണ സൂര്യന്‍ പൊഴിയ്ക്കട്ടെ സാന്ത്വനം.

8 comments:
this is one of my college day poems
published in mathrubhoomi weekly
ഛന്ദസ്സിനുള്ളിലും ചുറുചുറുക്കുള്ള ഇമേജറി വായിക്കുന്നത് നല്ല സന്തോഷം.
Unni!
Njan ninne kandethiyirikkunnu!
നല്ല കവിത.:)
‘അരുണ സൂര്യന്‍’??
thank u lapuda,kks,james,pramod
അകലെയൊരുപക്ഷേ അസ്തമയമില്ലാത്ത
പല നിറപ്പൂക്കള്‍ പുളകങ്ങള്‍ പേറുന്ന
ചലനമില്ലാത്തതായൊന്നുമില്ലാത്ത
തിര കയര്‍ക്കാത്ത തീരം തെളിഞ്ഞേക്കാം>>>>>>>
ശുഭാപ്തി വിശ്വാസം....
fentastic poem
Post a Comment