അവാര്‍ഡുകള്‍

2009 ലെ മികച്ച യുവകവിക്കുള്ള വി. ടി. കുമാരന്‍ മാസ്റ്റര്‍ അവാര്‍ഡ്‌ ലഭിച്ചു.

Tuesday, June 2, 2009

കുളം
പടിഞ്ഞാറെ അതിരില്‍
സര്‍പ്പക്കാവിനു പിന്നില്‍
വെയിലറിയാതെ ഒളിവില്‍ കഴിഞ്ഞു പോന്നു
ഒരുപാടുനാള്‍, ഞങ്ങളുടെ കൊച്ചുകുളം.


ഒരൊറ്റ വൈകുന്നേരം പോലും
കരുവണ്ണാച്ചികള്‍ക്കും
കാരാമകള്‍ക്കും
പുളവന്‍മാര്‍ക്കും മാത്രമായി
ഞങ്ങള്‍ വിട്ടുകൊടുത്തില്ല.


ആദ്യം അച്ഛന്റെ കൈത്തണ്ടവണ്ണത്തില്‍ സ്നേഹബലമാര്‍ന്ന
പൂവരശിന്‍ കൊമ്പിലേയ്ക്ക്‌ ഒരോടിക്കയറ്റം.


പിന്നെ അമ്മയുടെ കുറുക്കുകാളന്‍ പകര്‍ച്ച പോലെ
പഴന്തണുപ്പുറഞ്ഞ വെളളത്തിലേയ്ക്ക്‌ ഒറ്റക്കുതിപ്പ്‌.


ഉതിക്കൊമ്പില്‍ ഞങ്ങള്‍ വവ്വാലുകളായി
അവധിപ്പകലുകള്‍ തലകിഴുക്കാമ്പാടായി.


കരഞ്ഞു കരഞ്ഞിരുന്നു ചില കര്‍ക്കിടകപ്പാതിരകള്‍,
പണ്ട്‌ ചേറില്‍പ്പുതഞ്ഞ്‌
കളഞ്ഞുപോയ ഞങ്ങളുടെ കുഞ്ഞമ്മാവനെയോര്‍ത്ത്‌.


മുങ്ങാങ്കുഴിയിട്ടു ചെന്ന്‌
മുളളന്‍ പായല്‍ക്കെട്ടിളക്കുമ്പോള്‍
മുകള്‍പ്പരപ്പില്‍ ഒന്നൊന്നായി പൊന്തി വന്നു പൊട്ടുന്നു,
നശിച്ച ഓര്‍മ്മകള്‍.


കൊന്നുകുഴിച്ചുമൂടിയ ഒരു കുളമുണ്ട്,
എന്റെ മാര്‍ബിള്‍ മുറിച്ചുവട്ടില്‍.

5 comments:

Unni Sreedalam said...

this poem was published in BHASHAPOSHINI APRIL 2009

സന്തോഷ്‌ പല്ലശ്ശന said...

ചില പ്രാദേശിക ഭാഷ പ്രയോഗങ്ങള്‍ വായനയുടെ വേഗം കുറച്ചുവെങ്കിലും കവിത ഹൃദ്യമായിരുന്നു.
കരുവന്നാച്ച്ചി, കാരാമാ,
"അമ്മയുടെ കുറു കാളന്‍ പകര്‍ച്ച" തുടങ്ങി....

കാലത്തിന്റെ അനിവാര്യതയെന്നാണോ വിളിക്കേണ്ടത് ...അറിയില്ല.

നമ്മുടെ കാല്‍ക്കീഴില്‍ നിലവിളികള്‍ തൊണ്ട പൊട്ടി മരിക്കുന്നു...

ഷാജു said...

വായിച്ചു..
"അമ്മയുടെ കുറുക്കുകാളന്‍ പകര്‍ച്ച പോലെ പഴന്തണുപ്പുറഞ്ഞ വെള്ളത്തിലേക്കു" കുതിച്ചു..

ആശംസകള്‍...

പി എ അനിഷ്, എളനാട് said...

ഭാഷാപോഷിണിയില്‍ വായിച്ചു
ഇപ്പോഴും
നല്ല കവിത

Prayan said...

കവിത അനുഭവിച്ചു....നന്ദി.

Top 10 Members

Followers

ഞാൻ...

My photo
ആലപ്പുഴ, കേരളം, India
ആലപ്പുഴയിൽ ജനിച്ചു.അധ്യാപകന്‍. വിലാസം: ഉണ്ണി ശ്രീദളം ശ്രീദളം പഴവീട്‌. പി. ഒ. ആലപ്പുഴ-688009 ഫോൺ: വീട്‌-0477 2254977 മൊബൈൽ-9633346400 email : unnisreedalam1@gmail.com