പനി

പ്രളയം പെയ്തൊരു ദിവസമായിരു-
ന്നവരൊക്കെക്കൂടി വിരുന്നു വന്നത്.
* * *
അതിന്‍ തലേന്നാണെന്നെനിയ്ക്കു തോന്നണു,
പനി കൊണ്ടുത്തന്ന നിശ്ശബ്ദതയുടെ
കരിമ്പടം പുതച്ചുറക്കം നിന്നത്-
പനി തന്നെ നീണ്ടൊരുറക്കമാണല്ലോ!
ചലനങ്ങള്‍, ശബ്ദം, ചുവരിന്‍മേല്‍ ക്ളോക്കില്‍
മുറിച്ച കേക്കിന്റെ കഷണം പോല്‍ കാലം.
പ്രളയം പെയ്യുന്നു, എനിയ്ക്കു ചുറ്റിനു-
മനിയന്‍മാരുടെ (ഇളയവന്‍ പാച്ചു
കരയുന്ന ശബ്ദം) പതിവ് മേളക്കം.
പരിചിതമായ പരിസരം, പക്ഷേ
പറഞ്ഞില്ലേ പനി ഉറക്കമാണെന്ന്... !
നിശ്ശബ്ദതയുടെ കരിമ്പടം പനി.
പരിചിതമായ പലതിനോടും ഞാ-
നറിയാതെയൊരു പിണക്കം. അച്ഛന്റെ
കവിതപ്പുസ്തകമെവിടെ വച്ചമ്മേ?
പതിഞ്ഞൊരൊച്ചയേ പുറത്തു വന്നുള്ളൂ,
പനിയല്ലേ? വേണ്ട, പനിമാറിക്കഴി-
ഞ്ഞെണീക്കട്ടെ, അമ്മ കിടക്കുകയാവും.
ഇരുട്ടാണെങ്കിലും ചിലപ്പോഴൊക്കെ ഞാ-
നുണരുമ്പോഴമ്മയടുത്തുണ്ട്. പാച്ചു
ഉറങ്ങുകയാവും- ഉറങ്ങട്ടെ അവന്‍.
പ്രളയം തോരട്ടെ, പനി മാറിപ്പകല്‍
വെളിച്ചമെത്തിയാലവനെയും കൂട്ടി-
ക്കളിക്കാന്‍ പോകണം. കളിക്കാന്‍ പാടില്ല!
മിനിഞ്ഞാന്നല്ലേ ഞാന്‍ (അതിന്‍ തലേന്നാണോ?)
കളിച്ചു നില്‍ക്കുമ്പോള്‍ കുഴഞ്ഞു വീണത്?
* * *
എനിയ്ക്കു ചുറ്റിനും നിറഞ്ഞു നില്‍ക്കുന്നു
മരിച്ച മുത്തശ്ശന്‍, മെലിഞ്ഞ കൈനീട്ടി,
അതിനും മുമ്പെന്നോ മരിച്ച മുത്തശ്ശി.
വിരുന്നു വന്നതാണവരെന്നെക്കാണാന്‍
പനിയല്ലേ? അതെ, പ്രളയം പെയ്തന്നു
പുലര്‍ച്ചെയായിരുന്നവരെല്ലാങ്കൂടി
നിരന്നു നിന്നത് - മരിച്ചു പോയവര്‍!
കുനിഞ്ഞു മുത്തശ്ശന്‍ പറയുന്നുണ്ടെന്തോ,
പനി മയക്കത്തില്‍ തിരിയുന്നില്ലൊന്നും.
പറഞ്ഞില്ലെങ്കിലും തിരിയും മുത്തശ്ശാ...
പ്രളയം തോരുമോ? അറിയില്ലമ്മയ്ക്ക്.
അനിയന്‍മാര്‍ക്കൊന്നുമറിയില്ല, പക്ഷേ
നിലത്തുറുമ്പുകളരിച്ചു നീങ്ങുന്ന
നനുത്തൊരൊച്ചയില്‍ ചിരിച്ചു മുത്തശ്ശി
പറഞ്ഞു- "മക്കളേ പ്രളയമാണെങ്ങും"
പുലരും മുമ്പുഞ്ഞാനവരെപ്പോലൊരു
പ്രളയമായേക്കും. അറിയാം. എന്നാലും...
വലതു കൈയ്യിലെ മറുകില്‍ നിന്നൊരു
കറുത്ത സൂര്യനുണ്ടുയര്‍ന്നു പോകുന്നു...
പനി കൊണ്ടുത്തന്ന നിശ്ശബ്ദതയുടെ
കരിമ്പടം ചുറ്റിയുറങ്ങാന്‍ പോകുന്നു...
അനിയന്‍മാരൊക്കെ കളിയ്ക്കാന്‍ പോകുന്നു...
കളിയ്ക്കാന്‍ പാടില്ല, പനിയല്ലേ...
Comments
വഴിയിൽ പ്രവേശിച്ചു. ഇനി തിരിച്ചിറങ്ങരുത്
നന്നായി
പനിയും ഉറക്കവും കുഴച്ചു മറിച്ചിട്ട കവിത