ഖനി

കവിയുടെ മരണചിന്ത സമ്പൂര്‍ണ്ണമത്രേ: എന്തെന്നാല്‍ ഭയക്കുന്നതെന്തോ അതു തന്നെ അവന്‍ തിരയുന്നു. തുരന്നു തുരന്ന് ഒരു തുറന്ന ലോകത്തേയ്ക്ക് ഒരു ദിവസം മഴു വഴുതുന്നു. പിന്നിരുട്ടിലേയ്ക്ക് ഒരു തിരിഞ്ഞു നോട്ടം പോലും വേണ്ട ഇനി. സൂര്യന് അച്ഛന്റെ മുഖമെന്ന് അവനാദ്യമായി തിരിച്ചറിയുന്നു. നല്ല സ്നേഹമുള്ള വെയില്‍ അമ്മയ്ക്ക് ഒരു കുടന്ന വെള്ളം ഭാര്യയ്ക്ക് പേരറിയാത്ത ഒരു പൂവ് മകള്‍ക്ക് അപ്പൂപ്പന്‍ താടി ആരോടെന്നില്ലാതെ തര്‍ക്കിച്ചു നില്‍ക്കുന്ന ഒരാല്‍ മരത്തിനു കീഴെ പൊഴിഞ്ഞ ഓര്‍മ്മകള്‍ പെറുക്കും അവന്‍. കുഞ്ഞുന്നാളില്‍ മുങ്ങാങ്കുഴിയിട്ട കൂട്ടുകാരന്‍ പുഴയില്‍ നിന്നു തലയുയര്‍ത്തി കിതയ്ക്കും: "ഇനി നീ"