വീട്‌, ജൂണില്‍






























7,വ്യാഴം
സ്വര്‍ഗത്തിലേയ്ക്കുള്ള വഴി എന്റെ വീട്ടുമുറ്റത്തുകൂടിയാണ്‌. ഉരുണ്ട ചരല്‍ക്കല്ലുകള്‍ക്കു മുകളിലൂടെ ഒരു തവള ശബ്ദഘോഷങ്ങളോടെ പോകുന്നു. ഉറക്കമുണര്‍ന്ന ആലസ്യത്തില്‍ വിരിപ്പിനുള്ളിലേയ്ക്ക്‌ കിടക്ക വീണ്ടും ചുരുങ്ങുന്നു. War and Peace ഇരുനൂറ്റി മുപ്പത്തിരണ്ടാം പേജില്‍ കമഴ്ന്ന്‌ കിടക്കുന്നു. ഇത്‌ ജൂണാണ്‌. അവള്‍ വരുമെന്ന്‌ പറഞ്ഞതെന്നാണ്‌? എന്റെ വീട്ടുമുറ്റത്തുകൂടി വെള്ളം ഒഴുകുകയാണ്‌, സ്വര്‍ഗത്തിലേയ്ക്ക്‌.


9, ശനി
മഴ പെയ്യുകയാണ്‌. ഇന്നലെ കണ്ട സ്വപ്നമെന്താണ്‌? തിമിംഗലങ്ങള്‍ ജലം പോലെ സുതാര്യമായ സ്വപ്നങ്ങള്‍ കാണുന്നു. കുതിരകള്‍ മേടുകള്‍ പോലെ വിശാലമായ സ്വപ്നങ്ങളും. ചിലന്തികള്‍ക്ക്‌ എന്തുതരം സ്വപ്നങ്ങളാണ്‌? അവ ഉറങ്ങാറില്ലായിരിക്കും. കണ്ണടയ്ക്കു മുകളിലൂടെ ഒരു കാക്കയെപ്പോലെ നോക്കിക്കൊണ്ട്‌ പ്രവീണ്‍ ഇന്നലെ ഒരു തമാശ പറഞ്ഞു. ചെറുകാറ്റത്ത്‌ ചെറിയ ഇലകള്‍ അനങ്ങുന്നു. ബ്രെഡിന്റെ തരികളുമായി പോകുന്നു എന്റെ വീട്ടിലെ ഉറുമ്പുകള്‍. What is Literature? ക്സിറോക്സ്‌ മെഷീനില്‍ പിറന്ന ടെറി ഈഗിള്‍ടണ്‍ മേശപ്പുറത്ത്‌ മലര്‍ന്നുകിടക്കുന്നു. ജയിംസി ന്റെ മൃദംഗം ഈയിടെയായി ആരോടും ഒന്നും മിണ്ടാതെ ഒരു മൂലയ്ക്കിരിയ്ക്കുന്നു. എന്റെ കറുത്ത പാന്‍സി ന്റെ സിബ്ബ്‌ അടര്‍ന്നു പോയി.


12, ചൊവ്വ
"നീയെന്താ ഒന്നും എഴുതാത്തത്‌. രസമുണ്ട്‌. ഹോസ്റ്റലില്‍ ഒരു ഫെയര്‍വെല്‍ പാര്‍ട്ടിയുണ്ടായിരുന്നു. നിന്റെ കവിത ഒരെണ്ണം ഞാന്‍ കാച്ചി. ക്ഷമാപണം. ഹിന്ദിക്കാരല്ലേ, അവളുമാര്‍ക്ക്‌ തിരിയുമോ? ഏതാണ്ട്‌ മലയാളം സിനിമാപ്പാട്ടാണെന്ന്‌ വിചാരിച്ചു... എഴുതി മടുത്തു ഭായി സാബ്‌. മര്യാദയ്ക്ക്‌ മറുപടി അയച്ചില്ലെങ്കില്‍..."
with love
Anitha
അനിതയുടെ കത്ത് ഒരു പിംഗ്‌ പോംഗ്‌ പന്തുപോലെ, വീട്ടുമുറ്റത്തു കൂടിയൊഴുകി സ്വര്‍ഗത്തിലേയ്ക്കു പോകുന്നു. നിലച്ചു പോയ ക്ളോക്കിനു പിന്നില്‍ നിന്നും ഒരു പല്ലി പുറത്തു വരുന്നു. വെളിച്ചത്തി ന്റെ പട നയിച്ച്‌ ഇന്നത്തെ സൂര്യനും എന്റെ വീടിനു പിന്നില്‍. നനയുകയാണ്‌ ഞാന്‍. എന്റെ കുളിമുറി. പുറത്ത്‌ ജലം. അകത്ത്‌ രക്തം.


15, വെള്ളി
അച്ഛന്‍ വാതിലില്‍ മുട്ടുന്നു. അച്ഛന്റെ കാല്‍പാദങ്ങള്‍ക്കിടയിലൂടെ ഒരു വെയില്‍പ്പാളി അകത്തേയ്ക്ക്‌ കടന്നു വന്നു. പിന്നാലെ അച്ഛന്‍. ഞാനും അച്ഛനുമുള്ള വീട്‌. ഞാനും അനിയനുമുള്ള വീട്‌. ഞാനും അമ്മയുമുള്ള വീട്‌. ഞങ്ങളെല്ലാവരുമുള്ള വീട്‌. ആഞ്ഞിലിക്കൊമ്പില്‍ ഒരു കാക്കക്കൂടുണ്ട്‌, ഉയരത്തില്‍. വരാന്തയിലിരിയ്ക്കുമ്പോള്‍ കടലോര്‍മ്മ വരുന്നു. എന്റെ വീടും ഒരു കടലാണ്‌. കാരണം ഒരു ദിവസവും മറ്റൊന്നു പോലെയല്ല. താക്കോല്‍ എന്റെ വീട്ടിലേല്‍പിച്ചിട്ടാണ്‌ രാത്രി അയാള്‍ പോയത്‌. മേഘങ്ങള്‍ അസ്വസ്ഥമാണ്‌, എന്റെ വീടിനു മുകളിലും. മുറിയ്ക്കുള്ളിലിരുന്ന്‌ ജനാലയിലൂടെ ഞാന്‍ ഇരുണ്ട പകലുകള്‍ കാണുന്നു.


18, തിങ്കള്‍
അമ്മ എന്റെ നെറ്റിയില്‍ കൈ വച്ചു, കറിയ്ക്കരിഞ്ഞ്‌ മുറിപ്പാടുകള്‍ നിറഞ്ഞ പരുപരുത്ത വിരലുകള്‍ കൊണ്ട്‌. പനിയാണ്‌. എനിയ്ക്കും എന്റെ വീടിനും. കലണ്ടര്‍ക്കള്ളികള്‍ക്കുള്ളില്‍ സൂര്യന്‍ ഉദിച്ചസ്തമിക്കുന്നു. നല്ല മണമുള്ള ഒരു പുസ്തകം കിട്ടി, വായിക്കാന്‍. മഴ നനഞ്ഞു കൊണ്ടോടിയ ഒരു നിമിഷം ഓര്‍മ്മ വരുന്നു. കീഴ്സ്ഥായിയിലുള്ള തോടി പോലെ ഒരു തണുത്ത കാറ്റ്‌ മുറിയിലേയ്ക്കു കയറി. ഒഴിഞ്ഞ ചായക്കപ്പില്‍ ഈച്ചകള്‍ ചത്തു കിടക്കുന്നു. കക്കൂസിലിരിയ്ക്കുമ്പോള്‍ എനിയ്ക്ക്‌ കവിത മുട്ടും. പഴയ തൊഴുത്തിലിരുന്ന്‌ എന്റെ ബൈക്ക്‌ രാത്രി കഴിയ്ക്കുന്നു.


20, ബുധന്‍
മറന്നു പോയ ഒരു സിനിമാപ്പാട്ട്‌ മനസ്സിലൊരിടത്തു നിന്ന്‌ കളഞ്ഞു കിട്ടി. പുറത്തെ വെയിലിലേയ്ക്ക്‌ സന്തോഷത്തോടെ അതൊരോട്ടം. സെന്തിലി ന്റെ വാക്കുകള്‍ പക്ഷിക്കൂട്ടം പോലെ എങ്ങോട്ടോ പറന്നു മറയുന്നു. ആകാശത്തി ന്റെ തിരിവിലൊരിടത്ത്‌ അവന്റെ അവസാനത്തെ പക്ഷിയും മറഞ്ഞു. നെരൂദയുടെ ഓര്‍മ്മക്കുറിപ്പുകള്‍ക്കൊപ്പം ഒരു പേമാരി തുടങ്ങി.


24, ഞായര്‍
പൊടിപ്പായലിന്റെ പച്ചപ്പ്‌ പുതച്ച മതിലുകള്‍ക്കുള്ളിലാണ്‌ എന്റെ വീട്‌. മഴവെള്ളത്തിലൂടെ ഒഴുകി സ്വര്‍ഗത്തിലേയ്ക്കു പോകുന്നു, ഒഴിഞ്ഞ വേനല്‍. പഴുത്ത മാവിലകളുടെ സന്യാസം എന്റെ വീട്ടുമുറ്റത്ത്‌. മഴക്കാറുമൂടിയ കണ്ണുകള്‍ കൊണ്ട്‌ പ്രജിത്ത്‌ എന്നെ നോക്കുന്നു. വാഷ്‌ ബേസി ന്റെ സുഷിരങ്ങള്‍ അടഞ്ഞു പോയി. അടക്കം ചെയ്യപ്പെട്ട ഒരു കുളമുണ്ട്‌ എന്റെ കിടപ്പുമുറിയ്ക്കടിയില്‍.


30, ശനി
ബൈക്കപകടത്തില്‍ രണ്ടു പേര്‍ മരിച്ച വാര്‍ത്തയിലേയ്ക്ക്‌ അരക്കപ്പ്‌ ചായ മറിഞ്ഞു. കൊച്ചു കൊച്ചു കവിതകള്‍ പോലെയുള്ള കൊതുകുകടി കൊണ്ടു കൊണ്ട്‌ ഞാനൊറ്റയ്ക്കിരിക്കുന്നു. പവര്‍ക്കട്ടാണ്‌.

Comments

don,t know whether this can be called a poem...
“അച്ഛന്‍ വാതിലില്‍ മുട്ടുന്നു. അച്ഛ ന്റെ കാല്‍പാദങ്ങള്‍ക്കിടയിലൂടെ ഒരു വെയില്‍പ്പാളി അകത്തേയ്ക്ക്‌ കടന്നു വന്നു. പിന്നാലെ അച്ഛന്‍.“

മനോഹരമായിരിക്കുന്നു..
വായന നല്ലൊരു സുഖം തരുന്നുണ്ട്. അതുപോലെതന്നെ മഴകാണാന്‍ കിട്ടാത്തകൊണ്ടാവാം മഴയുടെ ചിത്രം എത്ര കണ്ടിട്ടും മതിയാവുന്നില്ല.
അവനവിനിലേക്കുതന്നെ ഒരു ചേക്കേറ്റ നടത്തും ഒരു നിമിഷം ഈ കവിത വായിച്ചാല്‍ നല്ല സുഖം ഇങ്ങിനെ വായിക്കാന്‍ നന്ദി ശ്രീദളം വളരെ വളരെ...
Mahi said…
എന്റെ ഹൃദയം തന്നിരിക്കുന്നു ഈ കവിതയ്ക്ക്‌ പ്രത്യേകിച്ച്‌ അതിന്റെ ക്രാഫ്റ്റിഷ്ടപ്പെട്ടു
This comment has been removed by the author.
ith kavithaude unarvaann
mazhaude unmaadaum
veyilinte thelichaum........

ith vaayikkan kazhija njaan bhaagyavaanann. orupaad nanni.

Popular posts from this blog

ഛായ

വഴി