ഒരു രസം

ഞാനെന്തു ചെയ്യണമെന്ന ചിന്ത വിട്ടിട്ട്
അപരനെ എന്തു ചെയ്യിക്കണമെന്ന്
ചിന്തിച്ചു തുടങ്ങിയപ്പോഴാണ് രസം,
എനിക്ക് കൊമ്പുകൾ മുളയ്ക്കുന്നു .

കിളികൾക്കും മേഘങ്ങൾക്കും
എന്റെ തോൾക്കീഴേകൂടി പറന്നാലെന്താ ?
എനിക്ക് ചെല്ലേണ്ടയിടത്തിന്
എന്റെയടുത്തേക്ക് വന്നാലെന്താ ?
എന്റെ വിചാരങ്ങൾ മറ്റു നാവുകൾക്ക് പറഞ്ഞാലെന്താ ?
എല്ലാവർക്കും എന്നെയനുസരിക്കുന്ന ഞങ്ങളായാലെന്താ ?

ഞാൻ അമർന്നിരിക്കുന്നു
ഞാൻ ഉറക്കെ പൊട്ടിച്ചിരിക്കുന്നു
ഞാൻ സാവധാനം നടക്കുന്നു
ഞാൻ ശാന്തമായി ശ്വസിക്കുന്നു
അപരന്റെ നിലവിളി സംഗീതം പോലെ
ഞാൻ ആസ്വദിക്കുന്ന കാലം വന്നിരിക്കുന്നു എന്ന്
ഞാൻ തീരുമാനിക്കുന്നു.

ഞാൻ ചവിട്ടി നിൽക്കുന്ന മണ്ണിനുള്ളിൽ,
ഞാൻ ചവിട്ടി നിൽക്കുന്ന മനുഷ്യനുള്ളിൽ,
ജലം ഒഴുകുന്ന,
മലം ഒഴുകുന്ന,
ചലം ഒഴുകുന്ന ,
അറിവൊഴുകുന്ന,
ഭയമൊഴുകുന്ന കുഴലുകൾ.
അവയിലൂടെ എന്ത്,
എവിടെത്തുടങ്ങി,
ഏതു വഴി,
എന്തു വേഗത്തിൽ
എങ്ങോട്ടൊഴുകണമെന്ന്
തീരുമാനിക്കുന്നതിന്റെ 
ഒരു രസം.

Comments

naakila said…
എന്റെ ദൈവമേ
Unknown said…
Break evide poyi?
athaarude kayyilaa?

Popular posts from this blog

വഴി

മൊബൈല്‍

പനി