വീട്, ജൂണില്‍

7,വ്യാഴം സ്വര്‍ഗത്തിലേയ്ക്കുള്ള വഴി എന്റെ വീട്ടുമുറ്റത്തുകൂടിയാണ്. ഉരുണ്ട ചരല്‍ക്കല്ലുകള്‍ക്കു മുകളിലൂടെ ഒരു തവള ശബ്ദഘോഷങ്ങളോടെ പോകുന്നു. ഉറക്കമുണര്‍ന്ന ആലസ്യത്തില്‍ വിരിപ്പിനുള്ളിലേയ്ക്ക് കിടക്ക വീണ്ടും ചുരുങ്ങുന്നു. War and Peace ഇരുനൂറ്റി മുപ്പത്തിരണ്ടാം പേജില്‍ കമഴ്ന്ന് കിടക്കുന്നു. ഇത് ജൂണാണ്. അവള്‍ വരുമെന്ന് പറഞ്ഞതെന്നാണ്? എന്റെ വീട്ടുമുറ്റത്തുകൂടി വെള്ളം ഒഴുകുകയാണ്, സ്വര്‍ഗത്തിലേയ്ക്ക്. 9, ശനി മഴ പെയ്യുകയാണ്. ഇന്നലെ കണ്ട സ്വപ്നമെന്താണ്? തിമിംഗലങ്ങള്‍ ജലം പോലെ സുതാര്യമായ സ്വപ്നങ്ങള്‍ കാണുന്നു. കുതിരകള്‍ മേടുകള്‍ പോലെ വിശാലമായ സ്വപ്നങ്ങളും. ചിലന്തികള്‍ക്ക് എന്തുതരം സ്വപ്നങ്ങളാണ്? അവ ഉറങ്ങാറില്ലായിരിക്കും. കണ്ണടയ്ക്കു മുകളിലൂടെ ഒരു കാക്കയെപ്പോലെ നോക്കിക്കൊണ്ട് പ്രവീണ്‍ ഇന്നലെ ഒരു തമാശ പറഞ്ഞു. ചെറുകാറ്റത്ത് ചെറിയ ഇലകള്‍ അനങ്ങുന്നു. ബ്രെഡിന്റെ തരികളുമായി പോകുന്നു എന്റെ വീട്ടിലെ ഉറുമ്പുകള്‍. What is Literature? ക്സിറോക്സ് മെഷീനില്‍ പിറന്ന ടെറി ഈഗിള്‍ടണ്‍ മേശപ്പുറത്ത് മലര്‍ന്നുകിടക്കുന്നു. ജയിംസി ന്റെ മൃദംഗം ഈയിടെയായി ...