ഓട്ടോഗ്രാഫ്

മാര്‍ച്ചിനു മുകളിലൂടെ പറക്കുന്നു നമ്മള്. നമ്മുടെ അവസാനത്തെ മാര്‍ച്ച്. പടിഞ്ഞാറ് ഒരിടത്ത് വിളക്കണയുന്നു. നമുക്കിനി മണിക്കൂറുകള്‍ മാത്രം. നീ നീട്ടിയ പുസ്തകം നിന്റെ ഹൃദയമാണെന്നറിയാം. ഇതാ, അവസാനതാളില്‍ എന്റെ ഒരു തുള്ളി രക്തം. ഒരിയ്ക്കലുമുണങ്ങാതെ ത്രസിച്ചുകൊണ്ട് അതവിടെ അവശേഷിയ്ക്കട്ടെ. ഉറുമ്പുകളെപ്പോലെ വരിയൊപ്പിച്ചു നീങ്ങുന്ന എന്റെ അക്ഷരങ്ങള്‍ക്കറിയാം നിന്റെ ഹൃദയത്തിലേയ്ക്കുള്ള വഴി. ഒരു പൂര്‍ണ്ണവിരാമത്തില്‍ ഒരിയ്ക്കലും ഒന്നും ഒതുങ്ങില്ലെന്ന് ഞാന്‍ ഇപ്പോള്‍ തിരിച്ചറിയുന്നു. എങ്കിലും രാക്കറുപ്പുമായ് ഒരു പൂര്‍ണ്ണവിരാമചിഹ്നം ഈ വരിയ്ക്കുപിന്നിലുദിയ്ക്കുക തന്നെ ചെയ്യും.