പതഞ്ഞു പതഞ്ഞ് എന്റെ അമ്മ

അമ്മയുടെ കയ്യില്‍ വിരലുകളില്ല, പകരം പ്രഭ ചൊരിഞ്ഞ് അഞ്ചു പകലുകള്‍. അസ്തമിക്കുകയില്ല അവ. ഉള്ളം കയ്യില്‍ ഒരു കടല്‍; ഒന്ന് രണ്ട് മൂന്ന് എന്ന് തിരകള്‍. ഒടുവില്‍ തളര്‍ന്നു മയങ്ങുമ്പോള്‍ എന്റെ പിഞ്ചു കണങ്കാലുകളിലേയ്ക്ക് പതഞ്ഞു പതഞ്ഞ് എന്റെ അമ്മ. ഒരു ഭ്രൂണകാല ലായിനിയായ് ഇളഞ്ചൂടിലൂറി മുറിയ്ക്കകം നിറയെ ഒഴുകിപ്പരന്ന് ഇങ്ങനെ ഞാനും എന്റെ അമ്മയും... "അമ്മേ" എന്നു ഞെട്ടറ്റു വീണ എന്റെ രാത്രി സ്വപ്നങ്ങള്‍. ഇരുട്ടു വകഞ്ഞ് അമ്മയുടെ കൈ; എനിക്കു തൂങ്ങാനൊരു വിരല്ത്തുമ്പും. അമ്മയുടെ പകല്‍ത്തുമ്പില്‍ത്തൂങ്ങി എനിക്കും ഈ മുറി വിട്ടു പുറത്തിറങ്ങണം. "എന്താണമ്മേ ഈ മുറിയ്ക്കുപുറത്ത്?"