Posts

Showing posts with the label ഉണ്ണി ശ്രീദളം

ഖനി

Image
കവിയുടെ മരണചിന്ത സമ്പൂര്‍ണ്ണമത്രേ: എന്തെന്നാല്‍ ഭയക്കുന്നതെന്തോ അതു തന്നെ അവന്‍ തിരയുന്നു. തുരന്നു തുരന്ന്‌ ഒരു തുറന്ന ലോകത്തേയ്ക്ക്‌ ഒരു ദിവസം മഴു വഴുതുന്നു. പിന്നിരുട്ടിലേയ്ക്ക്‌ ഒരു തിരിഞ്ഞു നോട്ടം പോലും വേണ്ട ഇനി. സൂര്യന്‌ അച്ഛന്റെ മുഖമെന്ന്‌ അവനാദ്യമായി തിരിച്ചറിയുന്നു. നല്ല സ്നേഹമുള്ള വെയില്‍ അമ്മയ്ക്ക്‌ ഒരു കുടന്ന വെള്ളം ഭാര്യയ്ക്ക്‌ പേരറിയാത്ത ഒരു പൂവ്‌ മകള്‍ക്ക്‌ അപ്പൂപ്പന്‍ താടി ആരോടെന്നില്ലാതെ തര്‍ക്കിച്ചു നില്‍ക്കുന്ന ഒരാല്‍ മരത്തിനു കീഴെ പൊഴിഞ്ഞ ഓര്‍മ്മകള്‍ പെറുക്കും അവന്‍. കുഞ്ഞുന്നാളില്‍ മുങ്ങാങ്കുഴിയിട്ട കൂട്ടുകാരന്‍ പുഴയില്‍ നിന്നു തലയുയര്‍ത്തി കിതയ്ക്കും: "ഇനി നീ"

ഛായ

Image
ഉല്‍പ്പത്തി സമദൂര സിദ്ധാന്തത്തിന്‍മേല്‍ മെര്‍ക്കുറിയുടെ ത്രിമാന കവചം അനന്തം ആഴത്തെളിമ തീപിടിച്ച കപ്പല്‍പ്പായകളില്‍ ആര്‍ക്കമെഡീസ്‌ പഴമ്പെരുമ സില്‍വിയാപ്ളാത്ത്‌ ഇടപ്പള്ളി നിഷേധി ആത്മാക്കളുടെ സ്നാനഘട്ടം കടക്കുമ്പോള്‍ നാര്‍സിസ്സിനോട്‌ ഒന്നും ചോദിയ്ക്കരുതെന്ന്‌ കല്‍പന ഛായ ചിതറി വീണുടഞ്ഞാലും അദ്വൈതം വിരല്‍ മുക്കിയ സ്ഥാനഭ്രംശത്തില്‍ ബാല്യം ഉപ്പൂറ്റി തേഞ്ഞ നൂറ്റാണ്ടുകള്‍ക്കന്ത്യം ദര്‍ശനസൌഖ്യം ക്രമേണ നിശ്ചലതയിലേക്ക്‌ വളര്‍ന്ന പൌരുഷം ഒടുവില്‍ നേടിയത്‌ സൂര്യനോട്‌ ഉരുളയ്ക്കുപ്പേരിച്ചങ്കൂറ്റം ചിരിച്ചും കരഞ്ഞും ചിരിപ്പിച്ചും കരയിപ്പിച്ചും അസൂയപ്പെട്ടും പെടുത്തിയും ദ്വേഷിച്ചും അഹങ്കരിച്ചും പേടിച്ചും പ്രണയിച്ചും തലയ്ക്കു തീപിടിച്ചും മുങ്ങി മരിച്ചു മറഞ്ഞ നിലവിളികളിലൊന്നില്‍ ഒരു സ്വത്വാന്വേഷി - ചെമ്പഴന്തി മുഖം. ഛായ ചിലപ്പോള്‍ ഉന്‍മാദവേഗികള്‍ക്ക്‌ മുന്നറിയിപ്പിന്റെ പിന്‍കാഴ്ച മുഖത്ത്‌ പൊട്ടിമുളച്ച്‌ നിറഞ്ഞു കവിഞ്ഞ്‌ ഉണങ്ങിയൊടുങ്ങിയ കൊച്ചുകൊച്ചഗ്നിപര്‍വതങ്ങളിലേയ്ക്ക്‌ ഉള്‍ക്കാഴ്ച്ചയുടെ തണുത്ത ലാവാപ്രവാഹം ശിശിരം കറുപ്പുകൊഴിഞ്ഞു തുടങ്ങിയ കോണിഫറസ്‌ വനങ്ങ...

യാത്ര

Image
നടക്കുകയായിരുന്നു; രാത്രി വെട്ടിത്തിരിഞ്ഞു നിന്നു - വാടീ വാ! ഞാനൊറ്റയ്ക്ക്‌! നിഴല്‍ക്കവുങ്ങില്‍ കുലുങ്ങിച്ചിരി ഹി ഹി കൊള്ളാം എന്ന്‌ ഒരു വാഴയില പിന്നില്‍... ? ഇരുട്ട്‌ തന്നെ എന്തിനും തയ്യാറെന്ന്‌ ചിറികോട്ടുന്നു ചിരിയില്ല ഒച്ചയില്ല ആരുമില്ല അയ്യോ!പാവം എന്ന്‌ ദൂരെ നിന്നൊരു തെരുവു ബള്‍ബ്‌ ഇനി? മുകളിലേയ്ക്കു നോക്കുമ്പോള്‍... ഹൗ! എന്റെ കുഞ്ഞു നക്ഷത്രം മാത്രം ദൈവത്തിന്റെ കണ്ണ്‌ എന്റെ കണ്ണായ ദൈവം ദൈവമേ ഞാന്‍! വേഗം നടന്നു.

ഓട്ടോഗ്രാഫ്‌

Image
മാര്‍ച്ചിനു മുകളിലൂടെ പറക്കുന്നു നമ്മള്‍. നമ്മുടെ അവസാനത്തെ മാര്‍ച്ച്‌. പടിഞ്ഞാറ്‌ ഒരിടത്ത്‌ വിളക്കണയുന്നു. നമുക്കിനി മണിക്കൂറുകള്‍ മാത്രം. നീ നീട്ടിയ പുസ്തകം നിന്റെ ഹൃദയമാണെന്നറിയാം. ഇതാ, അവസാനതാളില്‍ എന്റെ ഒരു തുള്ളി രക്തം. ഒരിയ്ക്കലുമുണങ്ങാതെ ത്രസിച്ചുകൊണ്ട്‌ അതവിടെ അവശേഷിയ്ക്കട്ടെ. ഉറുമ്പുകളെപ്പോലെ വരിയൊപ്പിച്ചു നീങ്ങുന്ന എന്റെ അക്ഷരങ്ങള്‍ക്കറിയാം നിന്റെ ഹൃദയത്തിലേയ്ക്കുള്ള വഴി. ഒരു പൂര്‍ണ്ണവിരാമത്തില്‍ ഒരിയ്ക്കലും ഒന്നും ഒതുങ്ങില്ലെന്ന്‌ ഞാന്‍ ഇപ്പോള്‍ തിരിച്ചറിയുന്നു. എങ്കിലും രാക്കറുപ്പുമായ്‌ ഒരു പൂര്‍ണ്ണവിരാമചിഹ്നം ഈ വരിയ്ക്കുപിന്നിലുദിയ്ക്കുക തന്നെ ചെയ്യും.

വീട്‌, ജൂണില്‍

Image
7,വ്യാഴം സ്വര്‍ഗത്തിലേയ്ക്കുള്ള വഴി എന്റെ വീട്ടുമുറ്റത്തുകൂടിയാണ്‌. ഉരുണ്ട ചരല്‍ക്കല്ലുകള്‍ക്കു മുകളിലൂടെ ഒരു തവള ശബ്ദഘോഷങ്ങളോടെ പോകുന്നു. ഉറക്കമുണര്‍ന്ന ആലസ്യത്തില്‍ വിരിപ്പിനുള്ളിലേയ്ക്ക്‌ കിടക്ക വീണ്ടും ചുരുങ്ങുന്നു. War and Peace ഇരുനൂറ്റി മുപ്പത്തിരണ്ടാം പേജില്‍ കമഴ്ന്ന്‌ കിടക്കുന്നു. ഇത്‌ ജൂണാണ്‌. അവള്‍ വരുമെന്ന്‌ പറഞ്ഞതെന്നാണ്‌? എന്റെ വീട്ടുമുറ്റത്തുകൂടി വെള്ളം ഒഴുകുകയാണ്‌, സ്വര്‍ഗത്തിലേയ്ക്ക്‌. 9, ശനി മഴ പെയ്യുകയാണ്‌. ഇന്നലെ കണ്ട സ്വപ്നമെന്താണ്‌? തിമിംഗലങ്ങള്‍ ജലം പോലെ സുതാര്യമായ സ്വപ്നങ്ങള്‍ കാണുന്നു. കുതിരകള്‍ മേടുകള്‍ പോലെ വിശാലമായ സ്വപ്നങ്ങളും. ചിലന്തികള്‍ക്ക്‌ എന്തുതരം സ്വപ്നങ്ങളാണ്‌? അവ ഉറങ്ങാറില്ലായിരിക്കും. കണ്ണടയ്ക്കു മുകളിലൂടെ ഒരു കാക്കയെപ്പോലെ നോക്കിക്കൊണ്ട്‌ പ്രവീണ്‍ ഇന്നലെ ഒരു തമാശ പറഞ്ഞു. ചെറുകാറ്റത്ത്‌ ചെറിയ ഇലകള്‍ അനങ്ങുന്നു. ബ്രെഡിന്റെ തരികളുമായി പോകുന്നു എന്റെ വീട്ടിലെ ഉറുമ്പുകള്‍. What is Literature? ക്സിറോക്സ്‌ മെഷീനില്‍ പിറന്ന ടെറി ഈഗിള്‍ടണ്‍ മേശപ്പുറത്ത്‌ മലര്‍ന്നുകിടക്കുന്നു. ജയിംസി ന്റെ മൃദംഗം ഈയിടെയായി ...

കുളം

Image
പടിഞ്ഞാറെ അതിരില്‍ സര്‍പ്പക്കാവിനു പിന്നില്‍ വെയിലറിയാതെ ഒളിവില്‍ കഴിഞ്ഞു പോന്നു ഒരുപാടുനാള്‍, ഞങ്ങളുടെ കൊച്ചുകുളം. ഒരൊറ്റ വൈകുന്നേരം പോലും കരുവണ്ണാച്ചികള്‍ക്കും കാരാമകള്‍ക്കും പുളവന്‍മാര്‍ക്കും മാത്രമായി ഞങ്ങള്‍ വിട്ടുകൊടുത്തില്ല. ആദ്യം അച്ഛന്റെ കൈത്തണ്ടവണ്ണത്തില്‍ സ്നേഹബലമാര്‍ന്ന പൂവരശിന്‍ കൊമ്പിലേയ്ക്ക്‌ ഒരോടിക്കയറ്റം. പിന്നെ അമ്മയുടെ കുറുക്കുകാളന്‍ പകര്‍ച്ച പോലെ പഴന്തണുപ്പുറഞ്ഞ വെളളത്തിലേയ്ക്ക്‌ ഒറ്റക്കുതിപ്പ്‌. ഉതിക്കൊമ്പില്‍ ഞങ്ങള്‍ വവ്വാലുകളായി അവധിപ്പകലുകള്‍ തലകിഴുക്കാമ്പാടായി. കരഞ്ഞു കരഞ്ഞിരുന്നു ചില കര്‍ക്കിടകപ്പാതിരകള്‍, പണ്ട്‌ ചേറില്‍പ്പുതഞ്ഞ്‌ കളഞ്ഞുപോയ ഞങ്ങളുടെ കുഞ്ഞമ്മാവനെയോര്‍ത്ത്‌. മുങ്ങാങ്കുഴിയിട്ടു ചെന്ന്‌ മുളളന്‍ പായല്‍ക്കെട്ടിളക്കുമ്പോള്‍ മുകള്‍പ്പരപ്പില്‍ ഒന്നൊന്നായി പൊന്തി വന്നു പൊട്ടുന്നു, നശിച്ച ഓര്‍മ്മകള്‍. കൊന്നുകുഴിച്ചുമൂടിയ ഒരു കുളമുണ്ട്, എന്റെ മാര്‍ബിള്‍ മുറിച്ചുവട്ടില്‍.

പനി

Image
പ്രളയം പെയ്തൊരു ദിവസമായിരു- ന്നവരൊക്കെക്കൂടി വിരുന്നു വന്നത്‌. * * * അതിന്‍ തലേന്നാ ണെന്നെനിയ്ക്കു തോന്നണു, പനി കൊണ്ടുത്തന്ന നിശ്ശബ്ദ തയുടെ കരിമ്പടം പുതച്ചുറക്കം നിന്നത്- പനി തന്നെ നീണ്ടൊരുറക്കമാണല്ലോ! ചലനങ്ങള്‍, ശബ്ദം, ചുവരിന്‍മേല്‍ ക്ളോക്കില്‍ മുറിച്ച കേക്കിന്റെ കഷണം പോല്‍ കാലം. പ്രളയം പെയ്യുന്നു, എനിയ്ക്കു ചുറ്റിനു- മനിയന്‍മാരുടെ (ഇളയവന്‍ പാച്ചു കരയുന്ന ശബ്ദം) പതിവ്‌ മേളക്കം. പരിചിതമായ പരിസരം, പക്ഷേ പറഞ്ഞില്ലേ പനി ഉറക്കമാണെന്ന്‌... ! നിശ്ശബ്ദതയുടെ കരിമ്പടം പനി. പരിചിതമായ പലതിനോടും ഞാ- നറിയാതെയൊരു പിണക്കം. അച്ഛന്റെ കവിതപ്പുസ്തകമെവിടെ വച്ചമ്മേ? പതിഞ്ഞൊരൊച്ചയേ പുറത്തു വന്നുള്ളൂ, പനിയല്ലേ? വേണ്ട, പനിമാറിക്കഴി- ഞ്ഞെണീക്കട്ടെ, അമ്മ കിടക്കുകയാവും. ഇരുട്ടാണെങ്കിലും ചിലപ്പോഴൊക്കെ ഞാ- നുണരുമ്പോഴമ്മയടുത്തുണ്ട്‌. പാച്ചു ഉറങ്ങുകയാവും- ഉറങ്ങട്ടെ അവന്‍. പ്രളയം തോരട്ടെ, പനി മാറിപ്പകല്‍ വെളിച്ചമെത്തിയാലവനെയും കൂട്ടി- ക്കളിക്കാന്‍ പോകണം. കളിക്കാന്‍ പാടില്ല! മിനിഞ്ഞാന്നല്ലേ ഞാന്‍ (അതിന്‍...

പതഞ്ഞു പതഞ്ഞ്‌ എന്റെ അമ്മ

Image
അമ്മയുടെ കയ്യില്‍ വിരലുകളില്ല, പകരം പ്രഭ ചൊരിഞ്ഞ്‌ അഞ്ചു പകലുകള്‍. അസ്തമിക്കുകയില്ല അവ. ഉള്ളം കയ്യില്‍ ഒരു കടല്‍; ഒന്ന്‌ രണ്ട്‌ മൂന്ന്‌ എന്ന്‌ തിരകള്‍. ഒടുവില്‍ തളര്‍ന്നു മയങ്ങുമ്പോള്‍ എന്റെ പിഞ്ചു കണങ്കാലുകളിലേയ്ക്ക്‌ പതഞ്ഞു പതഞ്ഞ്‌ എന്റെ അമ്മ. ഒരു ഭ്രൂണകാല ലായിനിയായ്‌ ഇളഞ്ചൂടിലൂറി മുറിയ്ക്കകം നിറയെ ഒഴുകിപ്പരന്ന്‌ ഇങ്ങനെ ഞാനും എന്റെ അമ്മയും... "അമ്മേ" എന്നു ഞെട്ടറ്റു വീണ എന്റെ രാത്രി സ്വപ്നങ്ങള്‍. ഇരുട്ടു വകഞ്ഞ്‌ അമ്മയുടെ കൈ; എനിക്കു തൂങ്ങാനൊരു വിരല്‍ത്തുമ്പും. അമ്മയുടെ പകല്‍ത്തുമ്പില്‍ത്തൂങ്ങി എനിക്കും ഈ മുറി വിട്ടു പുറത്തിറങ്ങണം. "എന്താണമ്മേ ഈ മുറിയ്ക്കുപുറത്ത്‌?"

പാത് ഫൈന്റര്‍

Image
... 2,1,0. അരമുള്ള ഒരു വാക്കൂരി എന്റെ കഴുത്തിലുരുമ്മി അവള്‍ ചീറി ഞാന്‍ ശ്വാസമടക്കി . ..വിയര്‍പ്പ്‌ ,രക്തം,മാംസം. ഞങ്ങള്‍ ഭൂമി വിട്ടു.

സമുദ്രസാന്ത്വനം

Image
ഒടുവിലെന്താണു പറയേണ്ടതെന്നോര്‍ത്തു മനസ്സു വല്ലാതെ വീര്‍പ്പുമുട്ടുമ്പോഴെന്‍ മിഴികളൂറി നിന്‍ രൂപം ജലാര്‍ദ്രമൊരു കണികയില്‍ നിന്നു താഴേയ്ക്കടര്‍ന്നു പോയ്‌! പൊരുളഴിയ്ക്കുവാനാവാത്ത ചോദ്യങ്ങ- ളിളകി മറിയുന്ന കടലിന്റെ മനസ്സുമായ്‌ ചൊരിമണല്‍ വാരി നമ്മള്‍ മെനഞ്ഞ പാഴ്‌- ക്കനവുകള്‍ ഇനി തിരയെടുക്കെണ്ടവ അകലെയൊരുപക്ഷേ അസ്തമയമില്ലാത്ത പല നിറപ്പൂക്കള്‍ പുളകങ്ങള്‍ പേറുന്ന ചലനമില്ലാത്തതായൊന്നുമില്ലാത്ത തിര കയര്‍ക്കാത്ത തീരം തെളിഞ്ഞേക്കാം ഇനിയതല്ലെങ്കിലെല്ലാം നശിക്കട്ടെ, ഇരുളുമൂടട്ടെ,യെത്രയായാലുമ- ത്തമ:സമുദ്രത്തിലെന്റെയൊപ്പം നിന്റെ മൊഴികളുണ്ടെങ്കിലത്രമാത്രം മതി! "ഒരു തമാശപോലെല്ലാം മറക്കുക, ചിരി വിരിയ്ക്കുക, കടലുപോല്‍ സകലതും കരളിലേന്തുക, കാലമെന്നൊന്നുണ്ട്‌" മനസ്സിലാരോ പറഞ്ഞുവോ? തിരകളോ? മഴ പൊടിയ്ക്കുന്നു മേഘങ്ങളായിരം വിരലുകള്‍ നീട്ടി നമ്മില്‍ത്തണുപ്പിന്റെ യലിവുചൊരിയുന്നു സ്മൃതികളിലാദിമ- സ്സുഖ:സുഷുപ്തി, നിതാന്തമാം ശാന്തത. മരണമില്ലിനി, കൂടിവന്നാലൊരു ചെറിയ വേര്‍പാട്‌, നശ്വരമാണത്‌ മഴ കഴിഞ്ഞു, കുതിര്‍ന്ന ചിറകില്‍ നിന്നു ജല കണങ്ങള്‍. പറക്കാം നമുക്കിനി. ശരിയിതാണെന്റെ പ്രണയിനീ നീ നിന്റെ മിഴികളൊപ്പ...

വഴി

വഴി സേലം-കന്യാകുമാരി ദേശീയപാതയോരത്ത് വേണോ വേണോ എന്ന് ഇടം വലം കണ്ണെറിഞ്ഞ് എന്തൊരു സ്ഫീഡെന്ന് ഉമിനീര് പതപ്പിച്ച് മറുകര പറ്റാന്‍ മടിച്ച് ഒരേ നില്‍പ്പ് നില്‍ക്കും വെളുപ്പിനെ ചന്ത പിരിഞ്ഞുപോന്ന ചെമ്മണ്‍ പാത. മദമിളകിയ മിഥുനം ചങ്ങല കിലുക്കിപ്പാഞ്ഞ് ഒറ്റ രാത്രി കൊണ്ട് തിരുത്തും അച്ഛന്റെ സൈക്കിള്‍ അന്നുവരെ അളന്നെഴുതിയതെല്ലാം. കോടമഞ്ഞിന്റെ ഇരുമുടിയേന്തി വരിതെറ്റാതെ ശരണം വിളിച്ചുനീങ്ങും കറുപ്പുടുത്ത മകരസന്ധ്യകള്‍. ഓരോ മേടത്തിലും ഓരോ മാങ്ങാച്ചുന നിക്കറിനോടും മത്സരിച്ച് ടയറുരുട്ടാന്‍ കൂടും അന്തിയോളം മാനത്തൊരാള്‍. ഒരു കയ്യബദ്ധത്തില്‍ പാതി ചത്ത ആറ് ബി യിലെ വഴിക്കണക്ക് ക്രാഷ് ലാന്‍ഡ് ചെയ്യും കലുങ്കിനരികിലെ തൊട്ടാവാടിപ്പൊന്തയെ ചൂളിപ്പിച്ചുകൊണ്ട് ഒരു കടലാസുവിമാനത്തില്‍. സേലം-കന്യാകുമാരി ദേശീയപാതയിലൂടെ അനങ്ങിയനങ്ങി വരുന്നുണ്ട് ടാറുടുപ്പിയ്ക്കാന്‍ ഒരു റോഡ് റോളര്‍. വേണ്ട വേണ്ട എന്ന് ചിണുങ്ങിക്കരഞ്ഞ് ഏതു വഴിയ്ക്ക് കുതറിയോടും?

മൊബൈല്‍

Image
എഴുതിയൊതുക്കുവാ- നാവാത്തതില്ലേ? ചില കറുത്ത വടിവൊത്ത നെടുവീര്‍പ്പുകള്‍ക്കകം, അതു പോലൊന്നുണ്ടായി : ഞങ്ങളിന്നൊന്നും തമ്മില്‍ മിണ്ടാതെ പരസ്പരം ദൂരത്തെ സമയം കൊ- ണ്ടളന്നു കിടക്കുമ്പോള്‍ ഫോണിണ്റ്റെ തുമ്പില്‍ നിന്നും ശബ്ദത്തിന്നൊരു തുള്ളി സ്ഖലിച്ചു പ്രപഞ്ചത്തെ പ്രാപിച്ചു മിടിയ്ക്കുന്നു.

ക്ഷമാപണം

Image
എനിയ്ക്കു തരാനുള്ളിലൊന്നു മാത്രമേയുള്ളൂ: ചിലപ്പോഴണപൊട്ടിയൊഴുകാന്‍ വെമ്പല്‍ പൂണ്ട്‌ നിറഞ്ഞു തുളുമ്പുന്ന മനസ്സ്‌-ആകാശങ്ങ- ളകന്ന്‌ പുറത്തേയ്ക്ക്‌ വഴിയുമനന്തത എനിയ്ക്കു കാണാന്‍ മുന്‍പിലിതു മാത്രമേയുള്ളൂ: പൊലിയും തോറും വീണ്ടുമുണര്‍ന്നു സ്വയം മറ- ന്നുയരങ്ങളില്‍ത്തന്നെ ജ്വലിയ്ക്കുമപാരത ഒരിയ്ക്കല്‍,നീയോര്‍ക്കുന്നോ,വെറുപ്പിന്‍ പരകോടി പുകഞ്ഞ്‌ പൊടുന്നനെ പ്രണയം പുറപ്പെട്ടു നദികള്‍,താഴ്‌വാരങ്ങള്‍,നാടുകള്‍,പുരാതന നഗര കവാടങ്ങള്‍ സര്‍വതും വിഴുങ്ങി ഞാന്‍ കുതികൊള്ളുമ്പോള്‍ നിന്റെ ലവണജലാശയം സമുദ്ര സ്നേഹത്താലെന്നമ്ളത ശമിപ്പിച്ചു. പ്രണയം പരസ്പരം പിണഞ്ഞും പിണങ്ങിയും പുതിയ പച്ചത്തുരുത്തുരുവം കൊള്ളും മുമ്പേ വസന്തമൊരുകൊച്ചു പൂങ്കുല സൂക്ഷിയ്ക്കുവാ- നനന്ത കാലത്തേയ്ക്ക്‌ നമ്മളെയേല്‍പ്പിച്ചതും... ഇറുത്ത തുമ്പപ്പൂവിന്നിതളിന്‍ തുമ്പില്‍പ്പോലും പ്രപഞ്ചമൊതുക്കുവാന്‍ നമുക്ക്‌ സാധിച്ചതും... പൊറുക്കാന്‍ സാധിയ്ക്കാത്ത പലതും ചെയ്തിട്ടുണ്ട്‌: പറയാന്‍ പാടില്ലാത്ത പലതും... പിന്നെത്തെറ്റു- പറഞ്ഞും എന്നെത്തന്നെ പഴിച്ചും... ക്ഷമിയ്ക്കുക! ഒരിയ്ക്കല്‍ തമ്മില്‍ക്കണ്ടാല്‍ (അറിയാം കാണില്ലെന്ന്‌...

നിദ്രയസ്വസ്ഥം

Image
ഓര്‍മ്മയും മേഘങ്ങളുമൊഴിഞ്ഞബോധാകാശ വീഥിയില്‍ തണല്‍വൃക്ഷച്ചില്ലകള്‍ കലമ്പുമ്പോള്‍ ചുവരില്‍ കാലത്തിന്റെ കാവല്‍ക്കാരുലാത്തുമ്പോള്‍ നിദ്രയസ്വസ്ഥം കണ്ണീര്‍ഗ്രന്ഥിയില്‍ ജലാശയം ഇനിയൊന്നുമേ വയ്യെന്നുള്ളില്‍ നിന്നാരോ വീണ്ടും മൊഴിയും നേരം മുഖംതിരിച്ചു കിടക്കുന്നു മുറിയില്‍ വെളിച്ചമുണ്ടെങ്കിലും കാഴ്ച്ചയ്ക്കു മേല്‍ മറ പോലവ്യക്തമായോര്‍മ്മകള്‍ പരുങ്ങുന്നു ഉറക്കം നഷ്ടപ്പെട്ടയാമങ്ങള്‍ തലയ്ക്കുള്ളില്‍ പുലര്‍ച്ചത്തീവണ്ടിയായ്‌ കുലുങ്ങിക്കുതിയ്ക്കുന്നു നിദ്രയസ്വസ്ഥം ; ചൂടുവിയര്‍പ്പില്‍ കുതിരുന്ന കനവില്‍ ഖൈബര്‍ ചുരം കടന്നൂ മുഗള്‍ സൈന്യം ഉറക്കെപ്പുറത്താരോചിരിയ്ക്കുമ്പോലെ പെട്ട - ന്നിരമ്പീ ചാറ്റല്‍ മഴ ഓര്‍മ്മകള്‍ നനയാതെ അടുക്കിപ്പിടിച്ചു കൊ - ണ്ടോടിയ ബാല്യം സര്‍പ്പക്കാവിലെ പാലച്ചോട്ടില്‍ തണുപ്പില്‍ പരസ്പരം മറന്ന മദോന്മാദം ഇനിക്കാണില്ലന്നെന്നോടവസാനമായ്‌ ച്ചൊല്ലി - പ്പൊഴിഞ്ഞ കണ്ണീര്‍ത്തുള്ളി ഇരുട്ടില്‍ സ്വയം മിടിപ്പൊടുക്കാന്‍ സാധിക്കാതെ മനസ്സില്‍ നെരിപ്പോടായെരിഞ്ഞ നിമിഷങ്ങള്‍ നിലയ്ക്കാതുള്ളില്‍ മഴച്ചാലുകളൊന്നാകവേ ഉറക്കെച്ചിലയ്ക്കുന്ന...

നാലു കവിതകള്‍

  ഇഴച്ചില്‍ തടുത്തു കൂട്ടിയ കരിയിലക്കൂന പുകച്ചപ്പോഴുളളിലനക്കങ്ങള്‍ പെരുവിരല്‍ വണ്ണമിഴഞ്ഞടുത്തെത്തി ഫണമുയര്‍ത്താതെ വഴുവഴുപ്പുടല്‍പ്പുഴയൊഴുക്കിളവെയില്‍ത്തിളക്കങ്ങളറിഞ്ഞെന്‍ കാല്‍ തണുത്തുണര്‍ന്നു ഞെട്ടലില്‍ . പ്രണയത്തി അഥവാ ലവള്‍ തീ ആയിരുന്നു അവള്‍ക്ക്‌ അതിനാല്‍ ഞാന്‍ പ്രണയത്തി എന്നു വിളിച്ചു കത്തിക്കത്തി മടുത്തപ്പോഴോ എന്തോ പ്രണയത്തി ( ലവള്‍ ) കത്തിയാഴ്ത്തി തെറി ചവറ്റുകൂനയിലാണാദ്യം കണ്ടത്‌ വലിച്ചെറിഞ്ഞ നിരോധിനും ചീഞ്ഞ തക്കാളിയ്ക്കുമിടയില്‍ ആരോരുമില്ലാത്ത ഒരൊച്ച വായ്നാറ്റമുളള ഒരു വാക്ക്‌ തുപ്പിയതമ്പാക്കിനൊപ്പം തെറിച്ചത്‌ യൂണിഫോമണിഞ്ഞ്‌ കുടചൂടി സ്കൂള്‍ബാഗുമേറ്റി കലപിലകൂട്ടി രാവിലെ ഒരു നിഘണ്ടുവിന്റെയും പടി ചവിട്ടാത്തത്‌ കീഴില്‍ ക്രമത്തില്‍ വേഗത്തില്‍ കാല്‍ക്കീഴില്‍ മണല്‍ ചവിട്ടിത്തളളിപ്പായും ഒരാള്‍ വെയില്‍ക്കീഴില്‍ --------------------------------- ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ചത്‌

മരണം

Image
ഒരിയ്ക്കലേ ഞങ്ങളൊന്നു ശ്രമിച്ചുളളൂ കവിതയ്ക്കായ്‌ ഉടന്‍ തന്നെ വിരല്‍ത്തുമ്പില്‍ പൊടിഞ്ഞു ചോര വെളുത്തൊരു താളില്‍ വെട്ടും തിരുത്തുമായ്‌ മുന്നേറുമ്പോള്‍ നിലത്തൊരു വാക്കു വീണു മരിച്ചു പോയി കവികളെ പുറത്താക്കി കതകുകളടയ്ക്കുകെ - ന്നലറിയ ശബ്ദം പോലും കവിതയായി പുറത്തൊരു കവിയുണ്ട്‌ മഴയത്തു നനഞ്ഞൊട്ടി - യിരിക്കുന്നെന്നാരോ വന്നു പറഞ്ഞു പണ്ട്‌ നടന്നിട്ടും നടന്നിട്ടും പുറത്തുഞ്ഞാനെത്തുന്നില്ല , കവിയേയും കാണാനില്ല , കവിത മാത്രം മുഴങ്ങുന്നു നിരന്തരം ചെവിയ്ക്കുളളില്‍ അതില്‍പ്പിന്നെ പുറത്തു നിന്നൊന്നും കേട്ടാ - ലറിയാതായി കവിയ്ക്കൊന്നേ അറിയേണ്ടു അകത്തെങ്ങോ പുകയുന്ന ചിതത്തീയിലെരിക്കേണ്ട പദങ്ങള്‍ മാത്രം കവിതയ്ക്കോ പക്ഷേ വീണ്ടും ജനിയ്ക്കണം ജീവിയ്ക്കണം ഉണങ്ങാത്ത നിറുകയും മുറിവും പേറി പഴുപ്പിച്ചുവിളക്കിയ വരികള്‍ക്കു മീതേ കൂകി തിമിര്‍ത്തുകൊണ്ടാരൊക്കെയോ കടന്നുപോയി പുലര്‍ച്ചയ്ക്കുമുമ്പേ ചെല്ലാം ഉരുക്കുപാളത്തില്‍ വീണ്ടും തല ചേര്‍ക...

മുങ്ങാങ്കുഴി

Image
വാക്കുകളൊടുങ്ങിയ ഒരു നിമിഷത്തില്‍ അവളുടെ കണ്ണാഴത്തില്‍ കാലം തിളങ്ങുന്നതു കണ്ട്‌ ഞാന്‍ ബ്ളും എന്ന്‌ സൂത്രത്തിലൊരു ചാട്ടം . അവളെണ്ണിയില്ല , ഞാനൊട്ടു പൊങ്ങിയുമില്ല . -------------- ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ചത്‌

ദാഹിയ്ക്കുന്നു

Image
ഞെട്ടി ഞാനുണരുമ്പോള്‍പുറത്തു ജനാലയ്ക്ക - ലിരുട്ടില്‍ രണ്ടും കല്‍പ്പിച്ചിരിപ്പാകുന്നു രാത്രി അഴികള്‍ക്കടിയിലെ കട്ടിളപ്പടിമേലെന്‍ പൂച്ച കണ്ണിറുക്കുന്നു , വല്ലാതെ തിളങ്ങുന്നു ഹാങ്ങറിലൊടുങ്ങിയമുഷിഞ്ഞ ടീഷര്‍ട്ടിന്റെ സ്ളീവുകള്‍ ജീവന്‍ വച്ചിട്ടിടയ്ക്കു പിടയ്ക്കുന്നു കഴുത്തില്‍ കുരുക്കിട്ട കിണറ്റുതൊട്ടിയൊന്നുറക്കെയലച്ചു താഴേക്ക്‌ മുങ്ങി ഞരങ്ങി ഞെളിപിരികൊണ്ട്‌ കപ്പി കരഞ്ഞാടി മേലേയ്ക്ക്‌ വെളളം ... വെളളം ... പതുക്കെയെഴുന്നേറ്റ്‌ പളളയ്ക്കുകുത്തിജ്ജനല്‍ - പ്പടവില്‍ നിന്നും എന്റെ പൂച്ചയെപ്പുറത്താക്കി - പ്പാളികള്‍ ചാരിക്കൊളുത്തിടുന്നു , സ്വസ്ഥം സുഖം , ഫാന്‍ മാത്രം ഞരങ്ങുന്നു , ഞാന്‍ ചുമ്മാ കിടക്കുന്നു . ------------------------------------------- ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ചത്‌

ഡിസംബറിലെ സന്ധ്യ

Image
ആകാശം ഒന്നും മിണ്ടുന്നില്ല കണ്ണുകള്‍ താഴ്ത്തി വിറങ്ങലിച്ചുനില്‍ക്കുന്നു തെങ്ങോലകളും എല്ലാം മതിയാക്കിയിരിക്കുന്നു സങ്കടം പോലെ രണ്ടു കറുത്തപക്ഷികള്‍ വേഗത്തിലല്ല , ധിറുതിയില്‍ കിഴക്കോട്ടു പറക്കുന്നു ജനാലകള്‍ ചാരണം സമയമായിരിക്കുന്നു തണുത്തുതണുത്ത്‌ താല്‍പര്യങ്ങളുറഞ്ഞുപോയ ജനല്‍ക്കമ്പികള്‍ നേര്‍ത്ത ഒരു പാട്ട്‌ മുറിഞ്ഞും വറ്റിയും ഒഴുകി വരുന്നു ആര്‍ക്കും അതിനെ വേണ്ടെന്നോര്‍ത്ത്‌ ഒരു കരച്ചില്‍ വരുന്നു നൂറ്റാണ്ടുകള്‍ പോലെ എട്ടുകാലിവലകള്‍ മുറിയ്ക്കുമുകളില്‍ ശവകുടീരം പോലെ എട്ടുകാലി തറഞ്ഞിരിക്കുന്നു കസേരയുടെ പിളര്‍ന്ന വായില്‍ വേദന ഇരിയ്ക്കുന്നതുപോലിരിയ്ക്കുന്നു കാത്തിരുന്ന്‌ കാത്തിരുന്ന്‌ സന്ധ്യ മയങ്ങിയിരിക്കുന്നു ഒരു ഭയങ്കര കരച്ചില്‍ പതുക്കെ പതുക്കെ ഉച്ചത്തില്‍ വന്നുകൊണ്ടിരിക്കുന്നു . * സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത് -----------------

ഹൈറോഗ്ളിഫിക്സ്‌

Image
മൗനത്തെ മനസ്സുകൊണ്ടളന്ന മരുഭൂമി സൂര്യനോടെതിരിട്ടു ജ്വലിച്ച ശിലാപാളി കണ്ണീരും വസന്തവും ചുരന്ന നൈല്‍നദി വാക്കിനെ വികാരത്താല്‍ വരഞ്ഞ പുരാലിപി . മരണം മറുത്തൊന്നും മിണ്ടാതെയേതോ രാവില്‍ കരിങ്കല്‍ക്കുടീരങ്ങള്‍ തുറന്നു മറഞ്ഞപ്പോള്‍ കാലത്തെയനന്തമായ്‌ ബന്ധിക്കാനാവേശം കൊ - ണ്ടാദിമ മനസ്സാക്ഷി കോറിയ ശിലാരേഖ . നിലച്ച കുളമ്പടി , ചാറാത്ത മഴത്തുളളി , സര്‍പ്പ സൗന്ദര്യം വേട്ട വിഷത്തിന്‍ കടും നീല . നിമിഷാര്‍ദ്ധത്തെ പല നൂറ്റാണ്ടായ്‌ പകുത്തിട്ടു ചരിത്രം വിരചിച്ച സൂര്യന്റെ സേനാനികള്‍ . ചില്‍ക്കരിങ്കല്ലില്‍ വീണു തിളച്ച വിയര്‍പ്പിനാല്‍ നിദ്ര വിട്ടുണരുമ്പോല്‍ അര്‍ദ്ധസിംഹികാശില്‍പ്പം . മൂകസാക്ഷിയാം മണല്‍ത്തരിയില്‍ കൊടുങ്കാറ്റിന്‍ പടയോട്ടങ്ങള്‍ പ്രാണനൂതിയ നിമിഷങ്ങള്‍ . വാക്കിനെ ജയിക്കുവാനാവാതെ കാലം സ്വന്തം ഹൃദയത്തിനാല്‍ തീര്‍ത്ത നിത്യവിശ്രമസ്ഥലി . ഇനിയും വേനല്‍ വരും , നൈലിന്‍ തീരങ്ങളില്‍ വസന്തം വരും പോകും , അക്ഷരം നിലനില്‍ക്കും .