കിളിപ്പാട്ട്
1 കഥ പാടാത്തതെന്തെന്ന് ചോദിച്ചപ്പോഴിണക്കിളി- ചെവി കേള്‍ക്കുകയില്ലല്ലോ ചെവി കേള്‍ക്കാത്തതാര്‍ക്കെന്ന് വെടിയൊച്ച മുഴങ്ങുന്നു കുട്ടികളുടെ നിലവിളി "അച്ഛനെന്തു പറഞ്ഞാലും കാട്ടിലേക്കില്ല യാത്രകള്‍ കിഴവന്റോരോ പഴങ്കഥ" "കടല്‍ത്തീരത്തു ചെന്നിട്ട് കിഷ്കിന്ധയ്ക്കു മടങ്ങുക കണ്ടില്ലെന്നങ്ങു പറയണം" മണ്ണുണര്‍ന്നു മെനഞ്ഞിവള്‍ കണ്ണിലാ മണ്ണു പോയി പോല്‍ മണ്ണിന്‍ കണ്ണു നനയുന്നു 2 ഫ്രെയിമില്‍ ഒത്തു കിട്ടുവാന്‍ അടുത്തു ചേര്‍ന്നിരിക്കുക- കാട്ടാളരുടെ ക്യാമറ വിശക്കുന്നവനു ഭക്ഷണം കരയുന്നവനു സാന്ത്വനം മുനിക്കു പറയാമത് പിണങ്ങാനല്ല പടനിലം ഇണങ്ങുകയും വേണ്ട ഒറ്റയ്ക്കൊറ്റയ്ക്ക് പൊരുതുക ഊമയല്ലല്ലോ കുട്ടികള്‍ ചെകിടും തുളയുമുണ്ടല്ലോ അവരും പാടിക്കോട്ടെ 3 അച്ഛനെന്തും പറഞ്ഞോട്ടെ കഥ പാടാത്തതെന്തെന്ന് ചോദിക്കുകയേ വേണ്ട മുന കൂര്‍പ്പിച്ച നാരായം കിളിക്കു മിണ്ടിക്കൂടാ "ശബ്ദമില്ലാതെ കൊന്നുതാ"