
എഴുതുവാന്‍ വേണ്ടി ഹൃദയദ്രാവകം
കുടഞ്ഞു ഞാന്‍ പേന ശരിപ്പെടുത്തുന്നു.
സിഗരറ്റും ചുണ്ടില്‍പ്പുകച്ചു ബ്രാണ്ടി തന്‍
ലഹരിയുമായി വെളുക്കുവോളവും
മഴയും മിന്നലും കിനാവു കാണുന്ന
വിഷസര്‍പ്പം പോലെ ഉണര്‍ന്നിരിക്കുന്നു.
സിഗരറ്റുപുക മുറിയ്ക്കകത്താകെ
മരണമേഘം പോല്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍
മുയല്‍പ്പിടപോലെ,നനുത്ത വെണ്‍മേഘ-
പ്പുതപ്പു പോലെ നിന്‍ മുഖം തെളിയുന്നു.
നിനക്കുനേരുവാനൊരു കുടന്നപ്പൂ...
ചിരിയ്ക്കുചാര്‍ത്തുവാനൊരു നിലാക്കീറ്..
ഒടുവില്‍ നമ്മളെ പിരിയ്ക്കും കാലത്തെ
പരിഹസിയ്ക്കുവാനൊരു മുഖംമൂടി!
ഇനി നിശ്ശബ്ദത,ഇരുട്ടുനീങ്ങുന്നു,
വിഷപാനീയത്തിന്‍ ലഹരി മായുന്നു,
പുലരുന്നൂ നേരം,വിട വാങ്ങുന്നു ഞാന്‍,
പതിനേഴാമത്തെ തണുത്ത കാറ്റത്ത്!
----------------------------------------

0 comments:
Post a Comment